ബോളിവുഡില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ആലിയ ഭട്ട്. മേഘ്ന ഗുല്‍സാറിന്റെ റാസിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആലിയ ഇപ്പോള്‍. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന റാസിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട് ആലിയക്ക്. എന്നാല്‍, പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്നുപോയ അനുഭവവും തനിക്കുണ്ടെന്ന് ആലിയ തുറന്നു പറയുന്നു.

അനുരാഗ് കശ്യപും കരണ്‍ ജോഹറും ചേര്‍ന്ന് നിര്‍മിച്ച് വികാസ് ബഹല്‍ സംവിധാനം ചെയ്ത ശാന്താറിന്റെ പരാജയം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് ആലിയ. ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന ബാത്തേയ്ന്‍ വിത്ത് ദി ബാദ്ഷാ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ഷാഹിദ് കപൂറായിരുന്നു ചിത്രത്തില്‍ നായകന്‍. ആലിയ അറോറ എന്ന അനാഥ പെണ്‍കുട്ടിയെയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിച്ചത്.

‘എന്റെ തൊണ്ണൂറ് ശതമാനം ചിത്രങ്ങളും ബോളിവുഡില്‍ കൊള്ളാവുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, അതില്‍ ഒരു പരാജയവുമുണ്ടായിരുന്നു. ആ പരാജയം എന്നെ കൂടുതല്‍ ശാന്തയാക്കി. വിചിത്രമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ‘ശാന്താര്‍’ ബോക്സ് ഓഫീസില്‍ വിജയിച്ചില്ല. അതെന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു. എനിക്കത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ നേരെ അച്ഛനെ സമീപിച്ചു. അക്കാലത്ത് അച്ഛനോട് മാത്രമാണ് സംസാരിക്കാറുണ്ടായിരുന്നത്. എന്നിട്ട് തോല്‍വിയില്‍ നിന്ന് തിരിച്ചുവരാനായി ഒരു യാത്ര പോയി. പിന്നീട് കഴിഞ്ഞത് കഴിഞ്ഞു എന്നു വിശ്വസിച്ചു. മുറിവുണങ്ങി. ഞാന്‍ എന്റെ ആദ്യത്തെ പരാജയത്തെ അറിഞ്ഞു. ഇനി എന്തും നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു. തോല്‍വിയില്‍ നിന്ന് തിരിച്ചുവരിക എന്നത് സവിശേഷമായൊരു കാര്യം തന്നെയാണ്. അന്ന് അച്ഛന്‍ ഒരു പോസ്റ്റര്‍ അയച്ചുതന്നു. അതില്‍ ഫ്രാങ്ക് സിനാത്രയുടെ ഒരു വാചകമുണ്ടായിരുന്നു. ഒരു വന്‍ വിജയമാണ് ഏറ്റവും വലിയ പ്രതികാരം എന്നായിരുന്നു അതിലെ വാചകം.’ആലിയ പറഞ്ഞു.

ടു സ്റ്റേറ്റ്സ്, ഹംപ്റ്റി ശര്‍മ കി ദുനിയ, ഹൈവെ, സ്റ്റുഡന്റ് ഓഫ് ദി ഇയര്‍, ഉഡ്ത പഞ്ചാബ്, ഡിയര്‍ സിന്ദഗി എന്നിവയിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ആലിയയ്ക്കു ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ