ഷാരൂഖ് ഖാന്റെ ‘പഠാൻ’ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നോട്ട് കുതിക്കുകയാണ്. ണ്ടു ദിവസം കൊണ്ട് 125 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഷാരൂഖിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്നപ്പോൾ അനുഭവിച്ച പീഡനത്തിനുള്ള മറുപടിയായാണ് പഠാന്റെ ഉജ്ജ്വല വിജയത്തെ സിനിമാ രംഗത്തെ പ്രമുഖർ പ്രശംസിക്കുന്നത്.
ഇപ്പോഴിതാ, ഷാരൂഖിനെ അഭിനന്ദിക്കുകയാണ് ആലിയ ഭട്ടും. ‘സ്നേഹം എപ്പോഴും വിജയിക്കും’ എന്നാണ് ആലിയ കുറിച്ചത്. എന്തൊരു വിജയമെന്നും ആലിയ പ്രശംസിക്കുന്നു. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം, പ്രൊഡക്ഷൻ ഹൗസ് വൈആർഎഫ് എന്നിവരെയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആലിയ ടാഗ് ചെയ്തിട്ടുണ്ട്.

‘ഡിയർ സിന്ദഗി’ എന്ന ചിത്രത്തിൽ ആലിയയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസിനെത്തിയ ആലിയയുടെ ‘ഡാർലിംഗ്സ്’ എന്ന ചിത്രം നിർമ്മിച്ചത് ഷാരൂഖിന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് ആയിരുന്നു. പരസ്പരം ഏറെ സ്നേഹവും ബഹുമാനവുമൊക്കെ പങ്കുവയ്ക്കുന്ന ഈ താരങ്ങൾക്കിടയിൽ ഊഷ്മളമായൊരു സൗഹൃദം തന്നെയുണ്ട്. ‘ലിറ്റിൽ വൺ’ എന്നാണ് വാത്സല്യത്തോടെ ഷാരൂഖ് ആലിയയെ വിശേഷിപ്പിക്കാറുള്ളത്.
കഴിഞ്ഞ ദിവസം നടി കങ്കണ റണാവത്തും പഠാനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഷാരൂഖ് സ്‌ക്രീനിൽ ഇത്രയും മികച്ചതായി ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ചിത്രം കണ്ട് അനുരാഗ് കശ്യപ് കുറിച്ചത്. പഠാന്റെ വിജയം വ്യക്തിപരമായ വിജയമായി തോന്നുന്നുവെന്നാണ് ആയുഷ്മാൻ ഖുറാന പ്രതികരിച്ചത്.