രൺബീർ കപൂർ-ആലിയ ഭട്ട് താരവിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾ സജീവമാകുന്നുണ്ട്. വിവാഹത്തിന് അണിയാനുള്ള ലെഹങ്ക ഡിസൈന്‍ ചെയ്യാന്‍ പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയെ ആലിയ ഏല്‍പ്പിച്ചു കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കാൻ കഴിയാത്ത ചില ആരാധകർ സോഷ്യൽ മീഡിയയിൽ ചില തമാശകളും ഒപ്പിക്കുന്നുണ്ട്. ഏതാനും ദിവസമായി ഇരുവരുടെയും വ്യാജ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2020 ജനുവരി 22 നാണ് ക്ഷണക്കത്തിൽ വിവാഹ തീയതിയായി കാണിച്ചിട്ടുളളത്.

മുംബൈ വിമാനത്താവളത്തിൽ എത്തിയ ആലിയ ഭട്ടിനോടും മാധ്യമപ്രവർത്തകർ വിവാഹ ക്ഷണക്കത്തിനെക്കുറിച്ച് ചോദിച്ചു. 2020 ജനുവരി 22 ന് വിവാഹമെന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോൾ ആലിയ ആദ്യമൊന്ന് അമ്പരന്നു. പിന്നെ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. മാധ്യമപ്രവർത്തകർ വീണ്ടും ഇക്കാര്യം ചോദിച്ചപ്പോൾ ഞാനെന്ത് പറയാനാണെന്നു ചോദിച്ച ആലിയ പിന്നീട് ഇല്ലെന്ന് തലയാട്ടുകയും ചെയ്തു.

നേരത്തെ ഫോട്ടോഷോപ്പ് വഴി ഒരു ആരാധകൻ ക്രിയേറ്റ് ചെയ്ത രൺബീർ-ആലിയ വിവാഹ ദിനത്തിലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

റിലീസിനൊരുങ്ങുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലൂടെയാണ് രൺബീറും ആലിയയും പ്രണയത്തിലാവുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാർത്തകൾ പുറത്തുവന്നത്.

Read More: ‘ഐ ലവ് യൂ, രണ്‍ബീര്‍’, ആയിരങ്ങളെ സാക്ഷിയാക്കി ആലിയ വിളിച്ചു പറഞ്ഞു

പിന്നീട് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മകളും രൺബീറും തമ്മിലുളള പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. ”അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ നല്ലൊരു വ്യക്തിയാണ്,” മഹേഷ് ഭട്ട് പറഞ്ഞു. രൺബീർ-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചും മഹഷ് ഭട്ട് പ്രതികരിച്ചു. ”വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോൾ നടക്കുമെന്ന് എനിക്ക് പറയാൻ ആകില്ല. നമുക്ക് കാത്തിരിക്കാം.”

alia bhatt, ranbir kapoor, ie malayalam

ജിക്യു മാഗസിനു നൽകിയ അഭിമുഖത്തിലാണ് താൻ ആലിയയുമായി പ്രണയത്തിലാണെന്ന് രൺബീർ തുറന്നു പറഞ്ഞത്. “ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook