/indian-express-malayalam/media/media_files/uploads/2023/10/Alia-Bhatt.jpg)
ആലിയ വിവാഹദിനത്തിൽ (ഇടത്), ദേശീയ പുരസ്കാരം സ്വീകരിക്കാൻ എത്തിയപ്പോൾ (വലത്)
ഫാഷൻ ഐക്കൺ എന്ന രീതിയിൽ കൂടിയാണ് ആളുകൾ സെലബ്രിറ്റികളെ നോക്കി കാണുന്നത്. അണിയുന്ന ഡ്രസ്സുകൾ, ആഭരണങ്ങൾ, ബാഗ്, ചെരിപ്പ്, മേക്കപ്പ്, സൺഗ്ലാസ്സുകൾ എന്നു തുടങ്ങി താരങ്ങൾ അണിയുന്നതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഫാഷൻപ്രേമികൾ. അതുകൊണ്ട് തന്നെ ഓരോ വേദികളിലും പുത്തൻ സ്റ്റൈലിലും വേഷഭൂഷാദികളിലും പ്രത്യക്ഷപ്പെടാൻ താരങ്ങളും നിർബന്ധിതരാവുന്നു. 365 ദിവസവും പുതിയ സാരികൾ മാത്രമാണ് ധരിക്കാറുള്ളതെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ നടി നളിനി വെളിപ്പെടുത്തിയത്.
എന്നാൽ ബോളിവുഡ് താരം ആലിയ ഭട്ട് അൽപ്പം വ്യത്യസ്തയാണ്. എപ്പോഴും പുതിയ വസ്ത്രങ്ങളും ആക്സസറീസും മാത്രം ധരിക്കുക എന്ന രീതിയോട് തനിക്ക് താൽപ്പര്യമില്ലെന്ന് ആലിയ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഫാഷൻ രീതികളിൽ മിനിമലിസ്റ്റിക് സമീപനമാണ് ആലിയ പിന്തുടരുന്നത്.
"ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കാറുണ്ട്, ഷൂ, ബാഗ്, ജീൻസ്, ഔട്ട്ഫിറ്റുകൾ എല്ലാം… എന്തുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കണം? 365 ദിവസവും പുതിയ വസ്ത്രങ്ങൾ മാത്രം ധരിക്കാനാവില്ല. അതുകൊണ്ട് ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കുന്നു. ധരിച്ച വസ്ത്രം വീണ്ടും ധരിക്കുന്നത് സാധാരണമായൊരു കാര്യമാണ്, അല്ലാതെ അതെന്തോ പ്രശ്നമാണെന്ന രീതിയിൽ കാണാതിരിക്കുക.​ എപ്പോഴും പുതിയ വസ്ത്രങ്ങൾ വാങ്ങികൊണ്ടിരിക്കുന്നത് നമ്മുടെ പരിസ്ഥിതിയ്ക്കും നല്ലതല്ല. നിങ്ങളുപയോഗിച്ച വസ്ത്രങ്ങളൊക്കെ എങ്ങോട്ടാണ് പോവുന്നതെന്നു കൂടി നിങ്ങൾ ആലോചിക്കണം. അവയുടെ ഷെൽഫ് ലൈഫ് നമ്മൾ വർധിപ്പിക്കണം," എന്നാണ് ഒരിക്കൽ ആലിയ ഇതിനെ കുറിച്ചു പറഞ്ഞത്.
ആ വാക്കുകളെ അടിവരയിടുന്നതായിരുന്നു 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിനായി ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ എത്തിയപ്പോൾ ആലിയ അണിഞ്ഞ വസ്ത്രവും. തന്റെ വിവാഹസാരിയണിഞ്ഞാണ് ആലിയ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വീകരിക്കാൻ എത്തിയത്. സസ്‌റ്റെയിനബിൾ ഫാഷൻ എന്ന ആശയമാണ് ആലിയ ഇതിലൂടെ ഉയർത്തി പിടിച്ചത്.
ഐവറി നിറത്തിലുള്ള ഈ സാരി ഡിസൈൻ ചെയ്തത് സബ്യസാചിയായിരുന്നു. ഐവറി നിറത്തിലുള്ള സാരിയ്ക്ക് അഴകേകുന്നത് ഗോൾഡൻ എംബ്രോയിഡറി വർക്കുകളാണ്. വിവാഹദിനത്തിൽ റോയൽ ലുക്കിലാണ് സാരി സ്റ്റൈൽ ചെയ്തതെങ്കിൽ ഇത്തവണ ലളിതമായ രീതിയിലാണ് ആലിയ സാരി സ്റ്റൈൽ ചെയ്തത്.
ആലിയയുടെ ഈ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റിനെ അനുമോദിക്കുകയാണ് ഡിസൈനർ ഗൗതം ഗുപ്ത. ആലിയ തന്റെ ജീവിതത്തിലെ മറ്റൊരു പ്രത്യേക ദിനത്തിൽ വിവാഹ സാരി ധരിച്ച് ഒരു മികച്ച ഫാഷൻ സ്റ്റേറ്റ്‌മെന്റായി മാറിയെന്ന് ഗൗതം അഭിപ്രായപ്പെടുന്നു. "ഏത് പാരമ്പര്യ സാരിയും ട്രെൻഡുകളും സീസണുകളും പരിഗണിക്കാതെ വീണ്ടും ഉപയോഗിക്കുമ്പോൾ അതിനൊരു അധിക മൂല്യം കൈവരുന്മുനുണ്ട്."
വിവാഹവസ്ത്രങ്ങൾ പുനരുപയോഗിക്കുക എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഡിസൈനർ ശിൽപി ഗുപ്ത. "നിങ്ങളുടെ വിവാഹ സാരിയും ലെഹങ്കയും പുനരുപയോഗിക്കുന്നതും പുനർ സ്റ്റൈൽ ചെയ്യുന്നതും വളരെ സ്പെഷലായൊരു കാര്യമാണ്. കൂടുതൽ സുസ്ഥിരമായ ഒരു ഭാവിയിലേക്ക് നീങ്ങുമ്പോൾ, നാം ബഹുമുഖ ഓപ്ഷനുകൾ തിരഞ്ഞെടുക്കണം. ഇത് നിങ്ങളെ ക്രിയാത്മകമായും ഔട്ട് ഓഫ് ബോക്സായും ചിന്തിക്കാൻ പ്രേരിപ്പിക്കും. നിങ്ങളുടെ വിവാഹ വസ്ത്രങ്ങൾ ആധുനിക ശൈലിയിൽ ഉൾപ്പെടുത്തി പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക," ശിൽപ്പി indianepxress.comനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.