2022 നവംബർ 6 നാണ് ആലിയ ഭട്ട്- റൺബീർ കപൂർ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.
അന്ന് മുതല്‍ കുഞ്ഞിന്റെ പേര് അറിയാനുളള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ ആലിയ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ കുഞ്ഞിന്റെ പേര് പരിചയപ്പെടുത്തിയിരിക്കുകയാണ്.
‘റാഹ’ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. റൺബീറിനെയും ചിത്രത്തിൽ കാണാം. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി ‘റാഹ’ എന്നതിന്റെ അർത്ഥം. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് കണ്ടുപിടിച്ചതെന്നും ആലിയ കുറിക്കുന്നുണ്ട്.
ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
രൺബീറിനും ആലിയയ്ക്കും ഈ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്മാസ്ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി,’ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആലിയ ചിത്രങ്ങൾ.