ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ വിവാഹം. ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവെന്ന വീട്ടിൽവച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിവാഹാഘോഷത്തിനു മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആലിയ ഇപ്പോൾ. “സ്വപ്നസമാനമായൊരു ദിവസമായിരുന്നു മെഹന്ദി. ഒരുപാട് സ്നേഹം, കുടുംബം, ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ, ധാരാളം ഫ്രഞ്ച് ഫ്രൈസ്, വരന്റെ ചങ്ങാതിമാരുടെ സർപ്രൈസ് പ്രകടനം, അയാന്റെ ഡിജെ മ്യൂസിക്, മിസ്റ്റർ കപൂർ സംഘടിപ്പിച്ച ഒരു ബിഗ് സർപ്രൈസ് (എന്റെ പ്രിയപ്പെട്ട കലാകാരൻ എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ അവതരിപ്പിച്ചു)… എല്ലാം നിറഞ്ഞൊരു ദിവസമായിരുന്നു അത്. സന്തോഷാശ്രുക്കൾ നിറഞ്ഞ, എന്റെ ജീവിതത്തിലെ ശാന്തമായ, ആനന്ദകരമായ നിമിഷങ്ങൾ. ദിവസങ്ങൾ മാത്രമല്ല ഇതുപോലുള്ള മനോഹരമായ ദിവസങ്ങളും ജീവിതത്തിലുണ്ട്,” ആലിയ കുറിച്ചതിങ്ങനെ.
ആലിയയും രൺബീറും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഷാരൂഖ് ഖാന്റെ ഹിറ്റ് ഗാനമായ ചയ്യ ചയ്യ എന്ന ഗാനത്തിന് അനുസരിച്ചാണ് ആലിയയും രൺബീറും നൃത്തം ചെയ്യുന്നത്. ചുവന്ന അനാർക്കലി ചുരിദാറാണ് ആലിയയുടെ വേഷം. അതേസമയം രൺബീർ വെള്ള കുർത്തയും ചുവന്ന നെഹ്‌റു ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്.
കരൺ ജോഹറിനൊപ്പം ആലിയ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും അണിഞ്ഞത്. ഐവറി നിറമുള്ള ഒർഗൻസ സാരിയായിരുന്നു ആലിയയുടെ വിവാഹവേഷം. എബ്രോയിഡറി വർക്കുള്ള ടിഷ്യു ഷാളും വിവാഹവേഷത്തിന് മോടി കൂട്ടി. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികളാണ് ആലിയ അണിഞ്ഞത്. ആലിയയുടെ വസ്ത്രവുമായി ഇണങ്ങുന്ന ഐവറി നിറത്തിലുള്ള സിൽക്ക് ഷെർവാണിയായിരുന്നു രൺബീറിന്റെ വേഷം. സരി മറോറി എബ്രോയിഡറി വർക്കുള്ള ഷാളും സിൽക്ക് ഒർഗൻസ സഫയും രൺബീർ അണിഞ്ഞിരുന്നു. അൺകട്ട് ഡയമണ്ട്, എമറാൾഡ്, പേൾസ് എന്നിവ കോർത്തിണക്കി സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി രൺബീറും അണിഞ്ഞിരുന്നു.
രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ എന്നു തുടങ്ങി ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.