വ്യാഴാഴ്ചയാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വരമാല ചടങ്ങിനിടെ മാലയിടാനായി ആലിയയ്ക്കു മുന്നിൽ മുട്ടുകുത്തുന്ന രൺബീറിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ്, ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും എത്തിയിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ ഹിറ്റ് ഗാനമായ ചയ്യ ചയ്യ എന്ന ഗാനത്തിന് അനുസരിച്ചാണ് ആലിയയും രൺബീറും നൃത്തം ചെയ്യുന്നത്. ചുവന്ന അനാർക്കലി ചുരിദാറാണ് ആലിയയുടെ വേഷം. അതേസമയം രൺബീർ വെള്ള കുർത്തയും ചുവന്ന നെഹ്‌റു ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്.
കരൺ ജോഹറിനൊപ്പം ആലിയ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും അണിഞ്ഞത്. ഐവറി നിറമുള്ള ഒർഗൻസ സാരിയായിരുന്നു ആലിയയുടെ വിവാഹവേഷം. എബ്രോയിഡറി വർക്കുള്ള ടിഷ്യു ഷാളും വിവാഹവേഷത്തിന് മോടി കൂട്ടി. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികളാണ് ആലിയ അണിഞ്ഞത്. ആലിയയുടെ വസ്ത്രവുമായി ഇണങ്ങുന്ന ഐവറി നിറത്തിലുള്ള സിൽക്ക് ഷെർവാണിയായിരുന്നു രൺബീറിന്റെ വേഷം. സരി മറോറി എബ്രോയിഡറി വർക്കുള്ള ഷാളും സിൽക്ക് ഒർഗൻസ സഫയും രൺബീർ അണിഞ്ഞിരുന്നു. അൺകട്ട് ഡയമണ്ട്, എമറാൾഡ്, പേൾസ് എന്നിവ കോർത്തിണക്കി സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി രൺബീറും അണിഞ്ഞിരുന്നു.
രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ എന്നു തുടങ്ങി ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.