ന്യൂഡല്‍ഹി: ആലിയ ഭട്ടും, വിക്കി കൗശാലും ചേര്‍ന്നഭിനയിച്ച ‘റാസി’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്സ്‌ ഓഫീസില്‍ വന്‍ വിജയമായിത്തീര്‍ന്ന സിനിമ ഈ ആഴ്ചയോടെ നൂറ് കോടി ക്ലബ്ബില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. ശനിയാഴ്‌ച വരെയുള്ള സിനിമയുടെ മൊത്തം കളക്ഷന്‍ 98.08 കോടി രൂപയാണ്. ഇതില്‍ 4.20 കോടി രൂപ ശനിയാഴ്ച മാത്രം നേടിയിട്ടുണ്ട്.

മെയ്‌ 11 നായിരുന്നു സിനിമയുടെ റിലീസ്. റിലീസ് ചെയ്ത അന്ന് മുതല്‍ സിനിമയെപ്പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു എല്ലായിടത്തുനിന്നും ഉയര്‍ന്നു കേട്ടത്. ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ, ഡെഡ് പൂൾ 2 , സോളോ :എ സ്റ്റാർ വാർസ് സ്റ്റോറി എന്നിവയെ മറികടന്നാണ് റാസി തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചത്.

മേഘ്‌ന ഗുല്‍സറാണ് പൊളിറ്റിക്കല്‍ ത്രില്ലറായ റാസിയുടെ സംവിധായക. 7.53 കോടി രൂപയില്‍ തുടങ്ങിയ കളക്ഷന്‍ ഒരാഴ്‌ച കൊണ്ട് നേടിയത് 32.94 കോടി രൂപയാണ്. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോഴും തിയേറ്ററില്‍ പോയി സിനിമ കാണുന്ന ആളുകളുടെ എണ്ണത്തില്‍  കുറവൊന്നും ഉണ്ടായിട്ടില്ല.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഇറങ്ങിയ സിനിമ ദേശ സ്നേഹത്തെയാണ് വരച്ചിടാന്‍ ശ്രമിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാനില്‍ പോയി ചാര പ്രവര്‍ത്തനം നടത്തുന്ന 19 വയസുകാരി കശ്‌മീരി പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഹരീന്ദര്‍ സിക്ക എഴുതിയ ‘കോളിങ് സെഹ്മത്ത്’ എന്ന ബുക്കിനെ ആസ്‌പദമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്.

“മേഘ്‌ന സുന്ദരമായി സിനിമയെ സമീപിച്ചിട്ടുണ്ട്. സെഹ്മദിന്‍റെ കല്യാണവും, അവളുടെ കുടുംബവും അതിലെ കഥാപാത്രങ്ങളുമെല്ലാം തീവ്രമായി തന്നെ സിനിമയില്‍ കടന്നു വരുന്നുണ്ട്,” ഇന്ത്യന്‍ എക്സ്പ്രസിന്‍റെ സിനിമ നിരൂപകയായ ശാലിനി ലാങ്ങര്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ