ലോകമെമ്പാടുമുളളവരുടെ മനം കവർന്ന് മുന്നേറി കൊണ്ടിരിക്കുകയാണ് ബാഹുബലി. ബാഹുബലിയായെത്തിയ പ്രഭാസ് ഏവരുടെയും മനവും കവർന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിന്റെ താരസുന്ദരി ആലിയയുടെയും മനം കവർന്നിരിക്കുകയാണ് ബാഹുബലി നായകൻ. പ്രഭാസ് താൻ ഏറ്റവും ഇഷ്‌ടപ്പെടുന്ന തെന്നിന്ത്യൻ നടനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആലിയ ഭട്ട്. തന്റെ ആരാധകരുമായി ട്വിറ്ററിലൂടെ നടത്തിയ സൗഹൃദ സംഭാഷണമായ ‘ആസ്‌ക്ക് ആലിയ’യിലാണ് താരം ഇക്കാര്യം പറഞ്ഞത്. തെന്നിന്ത്യയിലെ തന്റെ ഇഷ്‌ട നടനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ആലിയ തുറന്ന് പറയുന്നു.
തിയേറ്ററുകളിൽ പണം വാരി തകർത്തോടി കൊണ്ടിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോൾ ആ ചിത്രത്തെ കുറിച്ച് പറയാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നാണ് ആലിയ പറഞ്ഞത്. റോക്ക് ബസ്റ്റർ മതിയോയെന്നും ചിത്രം ഇഷ്‌ടമായെന്നും ഇതിഹാസമാണെന്നും ആലിയ ട്വിറ്ററിൽ കുറിച്ചു.
ബോളിവുഡിൽ പുറത്തിറങ്ങാനിരിക്കുന്ന ജാഗാ ജസൂസ, സഞ്‌ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിനുമായി കാത്തിരിക്കുകയാണെന്നു ആലിയ ആരാധകരോട് പറഞ്ഞു. ഗളളിബോയ്, ഡ്രാഗൺ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ആലിയയിപ്പോൾ. രൺബീർ കപൂറിനൊപ്പമാണ് ഡ്രാഗണിൽ എത്തുന്നതെന്നതിനാൽ വളരെയധികം ആകാംഷഭരിതയാണെന്നും ആലിയ കൂട്ടി ചേർത്തു.
കോടികൾ വാരിക്കൂട്ടി തിയേറ്ററിൽ ജൈത്രയാത്ര തുടരുകയാണ് ബാഹുബലി 2. ലോകമെമ്പാടു നിന്നായി 1330 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
നേരത്തെ കത്രീന കൈഫ് പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയിൽ നായികയായെത്തിയേക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‌തിരുന്നു.