തന്റെ പുതിയ ചിത്രമായ ‘റാസി’യ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡിന്റെ യുവനടി ആലിയ ഭട്ട്. ‘റാസി’ ആലിയക്ക് വെറുമൊരു സിനിമ മാത്രമല്ല. തന്റെ അമ്മ സോണി റസ്ദാനോടൊപ്പം, സ്‌ക്രീനിലും അമ്മയുടെ മകളായി മാറാനുള്ള അവസരം കൂടിയാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ലോകം മാതൃദിനം ആഘോഷിച്ചപ്പോള്‍ ആലിയയും തന്റെ ആശംസയുമായെത്തി. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ആലിയ തന്‍റെ അമ്മയ്ക്കുള്ള മാതൃദിന ആശംസ നേര്‍ന്നത്.

”വെറും ഒരു ദിവസത്തെ ആഘോഷമായി മാറരുത് മാതൃദിനം. പകരം എല്ലാ ദിവസവും മാതൃദിനമായി ആഘോഷിക്കപ്പെടണം. തങ്ങളുടെ അമ്മമാര്‍ക്കായി സമയം മാറ്റിവയ്ക്കുന്ന ദിവസമായിട്ടാണ് മാതൃദിനത്തെ ഞാന്‍ കാണുന്നത്. എന്നാല്‍ നമുക്ക് വേണ്ടി അമ്മമാര്‍ ചെയ്യുന്നതിന് പകരം വയ്ക്കാന്‍ ഏതെങ്കിലും ആഘോഷത്തിനോ ദിവസത്തിനോ കഴിയില്ല,” ആലിയ പറയുന്നു.

തന്റെ അമ്മയോടൊത്ത് അധിക നേരം ചെലവിടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താന്‍ വിഷമിച്ചിരുന്നുവെന്നും എന്നാല്‍ റാസിയിലൂടെ അമ്മയോടൊത്ത് കുറേ സമയം ചെലവിടാന്‍ കഴിഞ്ഞെന്നും ആലിയ പറയുന്നു. തുടര്‍ച്ചയായി എട്ട് ദിവസം ചിത്രത്തിന്റെ ചിത്രീകരണത്തിനായി താനും അമ്മയും ഒരുമിച്ചുണ്ടായിരുന്നുവെന്നും ആലിയ പറയുന്നു.

”റാസിയിലൂടെ കുറേ ദിവസം അമ്മയോടൊത്ത് കഴിയാന്‍ പറ്റി. സിനിമയിലും അവരെന്റെ അമ്മ തന്നെയായിരുന്നു. സത്യത്തില്‍ അമ്മയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഡയലോഗുകളൊക്കെ അമ്മ കാണാതെ പഠിക്കുമോ എന്നായിരുന്നു എന്റെ ടെന്‍ഷന്‍. എന്നാല്‍ സിനിമയില്‍ എന്നേക്കാള്‍ അനുഭവ സമ്പത്ത് അവര്‍ക്കുണ്ടെന്ന് ഞാന്‍ മറന്നു,” താരം പറയുന്നു.

താനും അമ്മയും ഒരുപോലെയാണെന്നും തങ്ങള്‍ രണ്ടു പേരും സംസാരിക്കുന്നത് ഒരുപോലെയാണെന്നും പറഞ്ഞ ആലിയ താനും അമ്മയും ഇരട്ടകളെ പോലെ ആണെന്ന് ആളുകള്‍ പറയാറുണ്ടെന്നും പറഞ്ഞു. അതേസമയം, മാതൃദിനത്തില്‍ അമ്മയോട് നന്ദി പറഞ്ഞ ആലിയ, അമ്മയോട് ദേഷ്യം പിടിച്ചതിനും വേദനിപ്പിച്ചതിനുമെല്ലാം മാപ്പ് പറയുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook