ഫാഷൻ ഐക്കൺ ആയാണ് ആളുകൾ സെലബ്രിറ്റികളെ നോക്കി കാണുന്നത്. അണിയുന്ന ഡ്രസ്സുകൾ, ആഭരണങ്ങൾ, ബാഗ്, ചെരിപ്പ്, മേക്കപ്പ് തുടങ്ങി താരങ്ങൾ അണിയുന്നതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഫാഷൻപ്രേമികൾ. അതുകൊണ്ട് തന്നെ ഓരോ വേദികളിലും പുത്തൻ സ്റ്റൈലിലും വേഷഭൂഷാദികളിലും പ്രത്യക്ഷപ്പെടാൻ താരങ്ങളും നിർബന്ധിതരാവുന്നു. 365 ദിവസവും പുതിയ സാരികൾ മാത്രമാണ് താൻ ധരിക്കാറുള്ളതെന്ന് അടുത്തിടെ നടി നളിനി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ, എപ്പോഴും പുതിയ വസ്ത്രങ്ങളും ആക്സസറീസും മാത്രം ധരിക്കുക എന്ന രീതിയോട് തനിക്ക് താൽപ്പര്യമില്ലെന്നാണ് ബോളിവുഡ് താരം ആലിയ ഭട്ട് പറയുന്നത്. തന്റെ ഫാഷൻ രീതികളിൽ മിനിമലിസ്റ്റിക് സമീപനമാണ് ആലിയ പിന്തുടരുന്നത്.
“ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കാറുണ്ട്, ഷൂ, ബാഗ്, ജീൻസ്, ഔട്ട്ഫിറ്റുകൾ എല്ലാം… എന്തുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കണം? 365 ദിവസവും പുതിയ വസ്ത്രങ്ങൾ മാത്രം ധരിക്കാനാവില്ല. അതുകൊണ്ട് ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കുന്നു. ധരിച്ച വസ്ത്രം വീണ്ടും ധരിക്കുന്നത് സാധാരണമായൊരു കാര്യമാണ്, അല്ലാതെ അതെന്തോ പ്രശ്നമാണെന്ന രീതിയിൽ കാണാതിരിക്കുക. എപ്പോഴും പുതിയ വസ്ത്രങ്ങൾ വാങ്ങികൊണ്ടിരിക്കുന്നത് നമ്മുടെ പരിസ്ഥിതിയ്ക്കും നല്ലതല്ല. നിങ്ങളുപയോഗിച്ച വസ്ത്രങ്ങളൊക്കെ എങ്ങോട്ടാണ് പോവുന്നതെന്നു കൂടി നിങ്ങൾ ആലോചിക്കണം. അവയുടെ ഷെൽഫ് ലൈഫ് നമ്മൾ വർധിപ്പിക്കണം,” ആലിയ പറയുന്നു.
‘ഡാര്‍ലിങ്സ് ‘ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ആലിയ ഇപ്പോൾ. ആലിയ അഭിനയിക്കുന്നതിനൊപ്പം നിര്‍മ്മാണ രംഗത്തും എത്തുന്ന ചിത്രമാണ് ‘ഡാര്‍ലിങ്സ്’. ആലിയയുടെ പ്രൊഡക്ഷൻ ഹൗസായ എറ്റേണൽ സൺഷൈനും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജസമീത്ത്. കെ. റീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ‘ഡാർലിംഗ്സ്’ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ഇന്ന്.