നാലു വർഷത്തോളമായി പ്രണയത്തിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടെയും വിവാഹമാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. രൺബീറുമായുള്ള ബന്ധത്തെ കുറിച്ച് ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“തീർച്ചയായും ഞാൻ ഒരു റിലേഷൻഷിപ്പിലാണ്, ഞാൻ വളരെ സന്തോഷവതിയാണ്, രൺബീറുമായി അഗാധമായ പ്രണയത്തിലാണ്, ഞാൻ ആ ബന്ധത്തിൽ വിശ്വസിക്കുന്നു. ആ അർത്ഥത്തിൽ ഞാൻ അൽപ്പം റൊമാന്റിക് ആണ്. ഞാൻ അഗാധമായി സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം. അതാണ് വർഷങ്ങളോളമായി ഞങ്ങൾ ഡേറ്റിങ്ങിൽ കഴിയുന്നതിന് കാരണം,” ആലിയ പറയുന്നു.
സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായി കത്തിയവാഡി’ ആണ് റിലീസിനൊരുങ്ങുന്ന ആലിയയുടെ ഏറ്റവും പുതിയ ചിത്രം. ചുവന്ന തെരുവിൽ പടപൊരുതി കാമാത്തിപുരയുടെ റാണിയായ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.
‘പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിത്രം. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 25നാണ് ‘ഗംഗുഭായി കത്തിയവാഡി’ റിലീസിനെത്തുന്നത്.