scorecardresearch
Latest News

ഞാൻ ചെറുപ്പമാണ്, വിവാഹിതയാണ്, അമ്മയാവാൻ പോവുന്നു, അതിന്?; വിമർശകരോട് ആലിയ ചോദിക്കുന്നു

“കുടുംബമോ കുട്ടിയോ ഉള്ളതുകൊണ്ട് എന്റെ പ്രൊഫഷണൽ ജീവിതം മാറ്റേണ്ടതുണ്ടോ? അവ തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്”

ഞാൻ ചെറുപ്പമാണ്, വിവാഹിതയാണ്, അമ്മയാവാൻ പോവുന്നു, അതിന്?; വിമർശകരോട് ആലിയ ചോദിക്കുന്നു

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്- രൺബീർ കപൂർ വിവാഹം. ജൂണിൽ, താൻ ഗർഭിണിയാണെന്നും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് താനും രൺബീറുമെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളും സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയേറെ പേർ താരദമ്പതികൾക്ക് ആശംസകളുമായി എത്തി. എന്നാൽ, ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മാതൃത്വം സ്വീകരിച്ച ആലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

വ്യക്തിപരമായ തന്റെ തീരുമാനങ്ങൾക്ക് എതിരെ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടി പറയുകയാണ് ആലിയ. “ഒരു സ്ത്രീ ചെയ്യുന്നതെല്ലാം തലക്കെട്ടാവുന്നു. അവൾ അമ്മയാകാൻ തീരുമാനിക്കുന്നത്, അവൾ പുതുതായി ആരെങ്കിലുമായി ഡേറ്റിംഗ് നടത്തുന്നത്, അവളൊരു ക്രിക്കറ്റ് മാച്ചിനോ ഹോളിഡേയ്ക്കോ പോവുന്നത്. ചില കാരണങ്ങളാൽ, ആളുകളുടെ കണ്ണുകൾ എപ്പോഴും സ്ത്രീകളുടെ തിരഞ്ഞെടുപ്പിലാണ്,” പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞു.

ലണ്ടനിൽ തന്റെ ഹോളിവുഡ് അരങ്ങേറ്റചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ ഷൂട്ടിങ്ങിനിടെയാണ് ഗർഭിണിയാണെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആലിയ പങ്കുവച്ചത്. കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ ജീവിതം മാറ്റിമറിച്ച തീരുമാനമെടുത്തു ആലിയ എന്ന രീതിയിലാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നത്.

“തീർച്ചയായും, ഞാൻ ചെറുപ്പമാണ്, അതുകൊണ്ട്, എന്തെങ്കിലും മാറ്റമുണ്ടോ?​ കുടുംബമോ കുട്ടിയോ ഉള്ളതുകൊണ്ട് എന്റെ പ്രൊഫഷണൽ ജീവിതം മാറ്റേണ്ടതുണ്ടോ? അവ തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. അസംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം ഞാൻ തുടർന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നു.”

ആളുകളുടെ അഭിപ്രായങ്ങൾ തന്നെ അലട്ടുന്നില്ലെന്നും തന്റെ ഹൃദയത്തെയാണ് താൻ പിന്തുടരുന്നതെന്നും ആലിയ പറയുന്നു. പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും തീരുമാനങ്ങളെടുക്കുമ്പോൾ തന്റെ സഹജാവബോധത്തെയാണ് താൻ വിശ്വസിക്കുന്നതെന്നും ആലിയ വ്യക്തമാക്കി.

“എന്നെ സംബന്ധിച്ചിടത്തോളം, അത്തരം അഭിപ്രായങ്ങളുള്ള ആളുകൾ ജീവിതത്തിൽ അവരെവിടെയാണെന്ന് കാണിക്കുന്നു. അതൊരിക്കലും ഞാനെവിടെയാണെന്നതിനെകുറിച്ച് പറയുന്നില്ല. വാസ്തവത്തിൽ, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഒരുപാട് തീരുമാനങ്ങൾ (മറ്റാരുമായും യാതൊരുബന്ധവുമില്ലാത്ത കാര്യങ്ങൾ) അത് പ്രതീക്ഷിക്കാത്ത സമയത്താണ് സംഭവിച്ചത്. നിങ്ങൾ വലിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയല്ല, അവ സംഭവിക്കുകയാണ്.”

“ഞാൻ ബോധപൂർവ്വം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്റെ ഹൃദയത്തെ പിന്തുടരുകയും എന്റെ സഹജാവബോധത്തിന് അനുസരിച്ച് പ്രവർത്തിക്കുകയുമാണ്. എന്റെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിം ഞാൻ ചെയ്തത് അതാണ്, കാര്യങ്ങൾ മനോഹരമായി വന്നു ഭവിക്കുകയും ചെയ്തു.”

തന്റെ ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ വിവാദങ്ങൾക്കിടയിൽ, വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അജ്ഞാതരായ ഒരുപാട് ആളുകളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചതായും ആലിയ പറയുന്നു. ഇത് സമൂഹത്തിന്റെ പരിണാമത്തെക്കുറിച്ച് തന്നെ ബോധവതിയാക്കിയെന്നും ആലിയ കൂട്ടിച്ചേർത്തു.

“നമ്മൾ 2022ലാണ്, അതിനാൽ ഇപ്പോൾ ആളുകൾ അതിനെ ചോദ്യം ചെയ്യുന്നു. എന്നെക്കുറിച്ചുള്ള ചില ലേഖനങ്ങൾക്കു താഴെ ആളുകൾ അഭിപ്രായം പ്രകടിപ്പിച്ചത് ഞാൻ കണ്ടു.”എന്താണ് നിങ്ങളുടെ പ്രശ്നം? അവൾ അവൾക്കിക്കിഷ്ടമുള്ളത് ചെയ്യട്ടെ”. മാറ്റം യാന്ത്രികമായി സംഭവിക്കുന്നതായി എനിക്ക് തോന്നുന്നു, നമ്മൾ വളരെയധികം ശ്രദ്ധ നൽകേണ്ടതില്ല,”അവർ കൂട്ടിച്ചേർത്തു.

ആഗസ്ത് 5 റിലീസ് ചെയ്യാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് സിനിമയായ ഡാർലിംഗ്സ് ആണ് ആലിയയുടെ ഏറ്റവും പുതിയ ചിത്രം. മുംബൈയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ഡാർക്ക് കോമഡിയിൽ ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരാണ് ആലിയയുടെ സഹതാരങ്ങൾ.

ഹൈവേ, ഉഡ്താ പഞ്ചാബ്, റാസി, അടുത്തിടെ പുറത്തിറങ്ങിയ ഗംഗുഭായ് കത്യവാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ച ആലിയ ഈ നവംമ്പറിൽ തന്റെ സിനിമാജീവിതത്തിന്റെ ഒരു ദശാബ്ദം പൂർത്തിയാക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Alia bhatt on pregnancy would lead by example