ലോകത്തിലെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ഐശ്വര്യ റായി ബച്ചൻ എന്നതിൽ സംശയമില്ല. ഇപ്പോഴിതാ, ഐശ്വര്യ പങ്കെടുക്കാത്ത ഒരു പരിപാടിയിലും ഐശ്വര്യയുടെ പേരു മുഴങ്ങുകയാണ്. മെറ്റ് ഗാല 2023 വേദിയിലാണ് സംഭവം. ബോളിവുഡ് താരം ആലിയ ഭട്ട് റെഡ് കാർപെറ്റിൽ എത്തിയപ്പോൾ ന്യൂയോർക്കിലെ ചില പാപ്പരാസികൾ അത് ഐശ്വര്യയാണെന്ന് തെറ്റിദ്ധരിച്ചു. “ഐശ്വര്യാ… ഇങ്ങോട്ട് നോക്കൂ,” എന്ന് ആർത്തുവിളിച്ച് ആലിയയോട് പോസ് ചെയ്യാൻ അഭ്യർത്ഥിക്കുന്ന പാപ്പരാസികളെ വീഡിയോയിൽ കാണാം.
എന്നാൽ പാപ്പരാസികൾക്ക് തെറ്റുപറ്റിയാതാണെന്നു മനസ്സിലായിട്ടും ചെറു ചിരിയോടെ റെഡ് കാർപെറ്റിൽ ചുവടുവെയ്ക്കുകയായിരുന്നു ആലിയ. “തെറ്റായ ഐഡന്റിറ്റിയുടെ കേസാണിത്. പാശ്ചാത്യ മാധ്യമങ്ങൾ ആലിയ ഭട്ടിനെ മെറ്റ് ഗാലയിൽ ‘ഐശ്വര്യ’യെന്ന് വിളിക്കുന്നു,” എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ വൈറലാവുകയാണ്. പാപ്പരാസികൾ എല്ലായിടത്തും ഒരുപോലെയാണ് എന്നാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടൊരു കമന്റ്.
അടുത്തിടെ സമാനമായൊരു സംഭവം ഇന്ത്യയിലും നടന്നിരുന്നു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെൻഡയയും ഇന്ത്യയിലെത്തിയപ്പോൾ ചില ഇന്ത്യൻ പാപ്പരാസികൾ അവരുടെ പേരുകൾ തെറ്റായി ഉച്ചരിച്ചിരുന്നു. ചിലർ സെൻഡയയെ ‘ഝണ്ഡേയ’ എന്നു വിളിച്ചപ്പോൾ മറ്റുചിലർ ടോമിനെ ‘മക്ഡി മാൻ’, ‘സ്പൈഡർമാൻ’ എന്നിങ്ങനെയാണ് അതിസംബോധന ചെയ്തത്.
ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാല വേദിയാണിത്. ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്ന ഇത്തവണത്തെ തീമിനോട് നീതി പുലർത്തുന്നതായിരുന്നു ആലിയയുടെ വസ്ത്രധാരണവും. ഡിസൈനർ പ്രബൽ ഗുരുങ്ങ് ഡിസൈൻ ചെയ്ത മനോഹരമായ വൈറ്റ് ഗൗൺ അണിഞ്ഞാണ് ആലിയ വേദിയിലെത്തിയത്. 100,000 മുത്തുകൾ കൊണ്ട് എബ്രോംയിഡറി ചെയ്തതാണ് ആലിയയുടെ ഗൗൺ.

മെറ്റ് ഗാലയുടെ ഈ വർഷത്തെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് എക്സിബിഷന് ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നാണ് പേരു നൽകിയിരിക്കുന്നത്. പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന്റെ ജീവിതത്തെയും വർക്കുകളെയും ആഘോഷിക്കുകയാണ് മെറ്റ് ഗാല. ഡ്രസ് കോഡ് നിർണയിച്ചിരിക്കുന്നതും കാളിന്റെ ബഹുമാനാർത്ഥമാണ്. ക്ലോയി, പാറ്റൂ, ബാൽമെയിൻ, ഫെൻഡി, ചാനൽ എന്നിവയ്ക്കൊക്കെ ലാഗർഫെൽഡ് നിരവധി രൂപകൽപ്പനകൾ ചെയ്‌തിട്ടുണ്ട്.
ഫാഷൻ, വിനോദ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. മുൻ വോഗ് എഡിറ്റർ അന്ന വിന്റൂർ ക്യൂറേറ്റ് ചെയ്‌ത ഈ പരിപാടി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടാണ് ആതിഥേയത്വം വഹിക്കുന്നത്.