മുത്തുകൾ കൊണ്ട് അലങ്കരിച്ച സ്വപ്നതുല്യമായ വെളുത്ത ഗൗൺ അണിഞ്ഞ് ചുവന്ന പരവതാനിയിലൂടെ നടന്നു നീങ്ങുന്ന ആലിയ ഭട്ട്. മെറ്റ് ഗാല 2023ലെ മനോഹരമായ കാഴ്ചകളിൽ ഒന്നായിരുന്നു അത്. ഇത് ആദ്യമായാണ് ആലിയ മെറ്റ് ഗാല വേദിയിലെത്തുന്നത്. ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്ന ഇത്തവണത്തെ തീമിനോട് നീതി പുലർത്തുന്നതായിരുന്നു ആലിയയുടെ വസ്ത്രധാരണവും. റെഡ് കാർപെറ്റിലെത്തിയ ആലിയ ഫോട്ടോഗ്രാഫരെ അഭിവാദ്യം ചെയ്യുകയും ഡിസൈനർ പ്രബൽ ഗുരുങ്ങിനൊപ്പം പോസ് ചെയ്യുകയും ചെയ്തു.
തന്റെ ആദ്യ മെറ്റ് ഗാലയിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. അഭിമാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ചതാണ് ഈ ഗൗണെന്നും ആലിയ പറയുന്നു. 100,000 മുത്തുകൾ കൊണ്ട് എബ്രോംയിഡറി ചെയ്തതാണ് ആലിയയുടെ ഗൗൺ. ഡിസൈനർ പ്രബൽ ഗുരുങ്ങും ടീമും ചേർന്നാണ് ആലിയയുടെ ഗൗൺ ഒരുക്കിയത്.
മെറ്റ് ഗാലയുടെ ഈ വർഷത്തെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് എക്സിബിഷന് ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നാണ് പേരു നൽകിയിരിക്കുന്നത്. പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന്റെ ജീവിതത്തെയും വർക്കുകളെയും ആഘോഷിക്കുകയാണ് മെറ്റ് ഗാല. ഡ്രസ് കോഡ് നിർണയിച്ചിരിക്കുന്നതും കാളിന്റെ ബഹുമാനാർത്ഥമാണ്. ക്ലോയി, പാറ്റൂ, ബാൽമെയിൻ, ഫെൻഡി, ചാനൽ എന്നിവയ്ക്കൊക്കെ ലാഗർഫെൽഡ് നിരവധി രൂപകൽപ്പനകൾ ചെയ്‌തിട്ടുണ്ട്.

ഫാഷൻ, വിനോദ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. മുൻ വോഗ് എഡിറ്റർ അന്ന വിന്റൂർ ക്യൂറേറ്റ് ചെയ്‌ത ഈ പരിപാടി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടാണ് ആതിഥേയത്വം വഹിക്കുന്നത്.
ശനിയാഴ്ചയാണ് മുംബൈ വിമാനത്താവളത്തിൽ നിന്നും ആലിയ ന്യൂയോർക്കിലേക്ക് പുറപ്പെട്ടത്. ആലിയ ഭട്ടിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു വർഷമായിരുന്നു 2022. ഗംഗുഭായ് കത്യവാടി, ഡാർലിംഗ്സ് തുടങ്ങിയ ആലിയയുടെ ചിത്രങ്ങൾ ഏറെ അംഗീകാരങ്ങൾ നേടി. വ്യക്തിപരമായും മികച്ച വർഷമായിരുന്നു ആലിയയ്ക്ക് 2022. നടൻ രൺബീർ കപൂറുമായുള്ള വിവാഹവും മകൾ റാഹയുടെ ജനനവുമൊക്കെ 2022ൽ ആയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ഹാർട്ട് ഓഫ് സ്റ്റോണിലൂടെ ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ എന്നിവരോടൊപ്പം അന്താരാഷ്ട്ര തലത്തിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ആലിയ.