ബോളിവുഡില്‍ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് ആലിയ ഭട്ടും റണ്‍ബീർ കപൂറും. 2022 ഏപ്രില്‍ 14 നാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് ജൂണ്‍ മാസത്തില്‍ ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരവും ദമ്പതികള്‍ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായ ആലിയയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ അതിവേഗം ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ വൈറലാകുന്നത്.
റണ്‍ബീറും ആലിയയും ഒന്നിച്ചെത്തുന്ന ചിത്രമാണ് അയാന് മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രഹ്മാസ്ത്ര’. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചരണത്തിനു എത്തിയ ആലിയയുടെ ഡ്രസ്സാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ ആരാധകരുടെ കണ്ണുടക്കിയത് ആലിയ ധരിച്ചിരുന്ന പിങ്ക് ഷറാറയിലാണ്. ‘ ബേബി ഓണ്‍ ബോര്‍ഡ്’ എന്ന് വസ്ത്രത്തില്‍ എഴുതിയിരിക്കുന്നത് ആലിയ ആരാധകരെ കാണിക്കുന്നത് വീഡിയോയില്‍ കാണാം.
ഭര്‍ത്താവ് റണ്‍ബീറും, നിര്‍മ്മാതാവ് കരണ്‍ ജോഹറും ആലിയയോടൊപ്പം വേദിയിലുണ്ട്. ചിത്രത്തിലെ ഒരു ഗാനവും ആലിയ കാണികള്‍ക്കായി ആലപിച്ചിരുന്നു.
സെപ്തംബര്‍ 9 ന് തീയറ്ററുകളില്‍ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ യില്‍ അമിതാഭ് ബച്ചന്, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. പ്രീതം ചക്രബര്‍ത്തി സംഗീതം നല്കിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.