ആലിയ ഭട്ടും വരുൺ ധവാനും മുഖ്യവേഷത്തിലെത്തുന്ന ബദ്രിനാഥ് കി ദുൽഹനിയ എന്ന ചിത്രത്തിനായി സിനിമാ ലോകം കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം വൻ പ്രതീക്ഷയാണ് ആരാധകരിൽ ഉയർത്തിയിരിക്കുന്നത്.

സൂപ്പർ ഹിറ്റായ ടമ്മാ ടമ്മാ ഗാനം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജയ് ദത്തും മാധുരി ദീക്ഷിതുമാണ് 90 കളിൽ ഇറങ്ങിയ ഗാനത്തിന് ചുവട് വെച്ചിരിക്കുന്നത്. ആ ഗാനത്തിന് വീണ്ടും ചുവട് വെക്കുകയാണ് ആലിയയും വരുണും ബദ്രിനാഥ് കി ദുൽഹനിയയിൽ. ഗാനം പുറത്തിറങ്ങിയത് മുതൽ ഹിറ്റാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മറ്റു വേദികളിലും ഇവർ വീണ്ടും ഈ ഗാനത്തിനായി ചുവട് വയ്ക്കുന്നുമുണ്ട്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത് ടമ്മാ ടമ്മായ്‌ക്ക് ചുവട് വയ്ക്കുന്ന രൺവീർ സിങ്ങും ആലിയ ഭട്ടുമാണ്. തന്റെ ട്വിറ്റർ പേജിലാണ് ആലിയ ഈ വിഡിയോ പങ്കു വെച്ചിരിക്കുന്നത്. രസകരമായ ഈ വിഡിയോ എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

രൺവീറും ആലിയയും ഒരുമിക്കുന്ന ഒരു ചിത്രവും 2017 ൽ തിയേറ്ററിലെത്തുന്നുണ്ട്. സോയ അക്തർ സംവിധാനം ചെയ്യുന്ന ഗളളി ബോയിലാണ് രണ്ടു പേരും ആദ്യമായി ഒന്നിക്കുന്നത്.

ശശാങ്ക് ഖൈതാനാണ് ബദ്രിനാഥ് കി ദുൽഹനിയയുടെ സംവിധായകൻ. മാർച്ച് 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook