2022 നവംബർ ആറിനാണ് ആലിയ ഭട്ടിനും റൺബീർ കപൂറിനും മകൾ പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞ് ജനിച്ചതിനു ശേഷം ശരീര സംരക്ഷണത്തിന്റെ പാതയിലാണ് ആലിയ. വർക്കൗട്ട്, യോഗ എന്നിവ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാളാഘോഷത്തിനെത്തിയ ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലിയ അഭിനയിച്ച ബൻസാലി ചിത്രം ‘ഗംഗുഭായ് കത്ത്യാവാടി’യും ഇതേ സമയമാണ് റിലീസിനെത്തിയത്. ആലിയയുടെ ലുക്കിനെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ആലിയയെ ഇപ്പോൾ കണ്ടാൽ നല്ല പ്രായം തോന്നിക്കും, ദിവസങ്ങൾ കഴിയുന്തോറും ആലിയ അമ്മ ലുക്കിലെത്തുകയാണ്, അവരുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം മറയ്ക്കാൻ മേക്കപ്പ് അണിഞ്ഞിരിക്കുന്നു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളത്. ആലിയ പല സമയങ്ങളിലും ക്ഷീണിതയായി കാണപ്പെടുന്നു എന്ന കമന്റും ഇതിൽ ഉൾപ്പെടുന്നുണ്ട്.
റാഹയുടെ ജനന ശേഷം താൻ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ നൽകുന്നുണ്ടെന്നും ആലിയ പലവട്ടം പറഞ്ഞിട്ടുണ്ട്. സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ആലിയ. അതു കൊണ്ടാണ് തന്നെ വ്യായാമവും യോഗയുമൊക്കെയായി തിരക്കിലാണിപ്പോൾ താരം. തന്റെ സ്വകാര്യതയിലേക്ക് മാധ്യമങ്ങൾ കടന്നു കയറുന്നു എന്ന ആലിയയുടെ പരാതിയിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കേസെടുത്തിരുന്നു. താരം ലിവിങ്ങ് റൂമിലിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയായിരുന്നു ആലിയയുടെ പ്രതികരണം.