ബോളിവുഡിന്റെ മിന്നും താരങ്ങളാണ് ആലിയ ഭട്ടും രൺബീർ കപൂറും. അടുത്തിടെയാണ് ആലിയ- രൺബീർ ദമ്പതികൾക്ക് ഒരു മകൾ പിറന്നത്. പ്രസവത്തിനു ശേഷം വീണ്ടും വർക്കൗട്ടിലും ഫിറ്റ്നസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ച് അഭിനയത്തിലേക്ക് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ആലിയ. ഞായറാഴ്ച ഫുട്ബോൾ മാച്ച് കാണാൻ എത്തിയ ആലിയയുടെയും രൺബീറിന്റെയും ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സുമായുള്ള കളി കാണാൻ എത്തിയതായിരുന്നു ആലിയ-രൺബീർ താരദമ്പതികൾ. രൺബീറിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണ് മുംബൈ സിറ്റി എഫ്സി. ഗ്യാലറിയിൽ ഇരുന്ന തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന രൺബീറിന്റെയും ആലിയയുടേയും ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കളിയിൽ വിജയിയായ ടീമിനെ അഭിനന്ദിക്കാനായി ഇരുവരും ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു. മുംബൈ സിറ്റി എഫ്സിയുടെ ജഴ്സിയോട് മാച്ച് ചെയ്യുന്ന വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.
ശനിയാഴ്ച മുംബൈയിൽ പാപ്പരാസി ഫോട്ടോഗ്രാഫർമാർക്കായി ഒരു പ്രത്യേക മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനും ആലിയയും രൺബീറും സംഘടിപ്പിച്ചിരുന്നു. ഒരു നിശ്ചിത പ്രായമാകുന്നത് വരെ മകൾ റാഹയുടെ ഫോട്ടോ എടുക്കരുതെന്ന് മീറ്റിനിടെ താരദമ്പതികൾ ഫോട്ടോഗ്രാഫേഴ്സിനോട് അഭ്യർത്ഥിച്ചു. 2022 നവംബർ ആറിനാണ് ഇരുവർക്കും മകൾ പിറന്നത്. റാഹ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്.