അടുത്തിടെ ബോളിവുഡ് സിനിമാ ലോകം നിരവധി താരവിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇനി ആലിയ ബട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹത്തിനായുള്ള കാത്തിരിപ്പാണ്. അഭിമുഖങ്ങളിലെല്ലാം ഇരുവരോടും ആവര്‍ത്തിച്ച് ചോദിക്കാറുള്ളതാണ് എന്നാണ് വിവാഹം എന്ന്. കാത്തിരിപ്പുകള്‍ക്ക് വിരാമമായി എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2020തിന്റെ ആദ്യ പകുതിയില്‍ രണ്‍ബീര്‍-ആലിയ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് അണിയാനുള്ള ലെഹങ്ക ഡിസൈന്‍ ചെയ്യാന്‍ പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയെ ആലിയ ഏല്‍പ്പിച്ചു കഴിഞ്ഞു എന്നാണ് സ്‌പോര്‍ട്‌ബോയ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരും 2018ലാണ് പ്രണയത്തിലായത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനാണ് 2020ല്‍ സാക്ഷാത്കാരമാകുന്നത്.
തന്റെ വിവാഹ ലെഹങ്കയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആലിയ ഏപ്രിലില്‍ സബ്യസാച്ചിയെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കായി വിവാഹ വസ്ത്രം രൂപകല്‍പ്പന ചെയ്തത് സബ്യസാച്ചിയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ തന്റെ വിവാഹ ലെഹങ്ക രൂപകല്‍പ്പന ചെയ്യാന്‍ ആലിയ സബ്യ സാച്ചിയെ തിരഞ്ഞെടുത്തതില്‍ അതിശയമില്ല. കാരണം മുമ്പ് നിരവധി പരിപാടികളിലേക്കും സിനിമാ പ്രമോഷനുകള്‍ക്കും അണിയാന്‍ ആലിയയ്ക്ക് അദ്ദേഹം തന്നെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം നിരവധി അഭിമുഖങ്ങളില്‍ ഇരുവരും പരസ്പരം പ്രണയത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയില്‍ ഇരുവരും ഒന്നിച്ചാണ് അഭിനയിക്കുന്നത്. ഇരുവരുടേയും കുടുംബങ്ങള്‍ ഏപ്രില്‍ മാസത്തില്‍ വിവാഹത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Read More: വേദിയിലെ സ്നേഹനിമിഷം; രൺബീർ-ആലിയ വീഡിയോ വൈറൽ
രണ്‍ബീറിന്റെ പിതാവ് ഋഷികപൂര്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചത്തിയാല്‍ ആലിയയും രണ്‍ബീറും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. സെപ്റ്റംബര്‍ മാസം മുതല്‍ അമേരിക്കയില്‍ ചികിത്സയിലാണ് ഋഷി കപൂര്‍. രോഗ വിമുക്തനായെങ്കിലും തിരിച്ചു മുംബൈയിലേക്ക് വരുന്ന തീയതിയെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര 2020ല്‍ റിലീസാകും. ബ്രഹ്മാസ്ത്രയ്ക്ക് പുറമേ സഡക് 2, ഇന്‍ഷാല്ല എന്നീ ചിത്രങ്ങളിലും ആലിയ അഭിനയിക്കുന്നുണ്ട്. ഷംശേരയാണ് രണ്‍ബീറിന്റെ മറ്റൊരു ചിത്രം.