2022 നവംബർ ആറിനാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ബോളിവുഡിലെ മിന്നും താരമായി തിളങ്ങി നിൽക്കുന്നതിനിടിയിലാണ് ആലിയയുടെ വിവാഹവും ഗർഭവും പ്രസവവും ഒക്കെ. വിവാഹിതയായി എന്ന കാരണത്താൽ സിനിമ ഉപേക്ഷിച്ചു പോവുകയോ കരിയർ ബ്രേക്ക് എടുക്കുകയോ ചെയ്യില്ലെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ആലിയ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭകാലത്തും തന്റെ സിനിമകളുടെ പ്രമോഷൻ തിരക്കിലായിരുന്നു ആലിയ.
യോഗയും മറ്റു വ്യായാമങ്ങളുമൊക്കെയായി തിരക്കിലാണ് ആലിയ ഇപ്പോൾ. പ്രസവാനന്തരം ശരീരത്തെ ഫിറ്റാക്കാനുള്ള ആലിയയുടെ കഠിന പ്രയത്നം ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. യോഗ പ്രാക്റ്റീസ് ചെയ്യുന്നതിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ആലിയ ഷെയർ ചെയ്തിരിക്കുന്നത്. ഒരു കയറിൽ തൂങ്ങി തലകീഴായി കിടക്കുന്ന ആലിയയെ ആണ് ചിത്രത്തിൽ കാണാനാവുക.
ഈ വർഷം ഏപ്രിലിലായിരുന്നു ആലിയയും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
രൺബീറിനും ആലിയയ്ക്കും ഈ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്‌മാസ്‌ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി,’ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആലിയ ചിത്രങ്ങൾ.