ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂടുകയും ചെയ്തു. അടുത്തിടെ ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ തന്നെ ഇതു തുറന്നു സമ്മതിച്ചു. അതിനു പിന്നാലെ രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ ആലിയക്ക് ബ്രേസ്‌ലെറ്റ് സമ്മാനമായി നല്‍കിയതും വാര്‍ത്തയായിരുന്നു.

വീണ്ടും ഇരുവരും വാര്‍ത്തയാകുകയാണ്. ഇത്തവണ രണ്‍ബീറിന്റെ സഹോദരിയുടെ മകളുടെ കൈയ്യും പിടിച്ച് ആലിയ രണ്‍ബീറിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോകുന്ന ചിത്രങ്ങളാണ് ട്രെന്‍ഡ് ചെയ്യുന്നത്. രണ്‍ബീര്‍, സഹോദരി റിദ്ദിമ, അമ്മ നീതു കപൂര്‍, റിദ്ദിമയുടെ മകള്‍ സമാരാ എന്നിവര്‍ക്കൊപ്പമാണ് ആലിയ.

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് ഇപ്പോള്‍ രണ്‍ബീറും ആലിയയും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും അമിതാഭ് ബച്ചനൊപ്പമുള്ള അടുത്ത ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഷെഡ്യൂള്‍ ബള്‍ഗേരിയയില്‍ വച്ചായിരിക്കും ചിത്രീകരണം.

സോനത്തിന്റെ വിവാഹ വിരുന്നില്‍ നവദമ്പതികളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് രണ്‍ബീറും ആലിയയുമായിരുന്നു. ഇരുവരും ഒന്നിച്ച് എത്തിയതും കൈകോര്‍ത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തതുമൊക്കെ പാപ്പരാസികള്‍ ശരിക്കും ആഘോഷമാക്കിയിരുന്നു. ഒരു അഭിമുഖത്തില്‍ തനിക്ക് രണ്‍ബീറിനോട് ക്രഷ് ഉണ്ടെന്ന് ആലിയ തുറന്നു സമ്മതിച്ചിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയില്‍ അഭിനയിക്കുന്നതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് താരങ്ങള്‍ ഒന്നിച്ച് വിവാഹ വിരുന്നിനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ