ആലിയ ഭട്ടും രൺബീർ കപൂറുമാണ് ബോളിവുഡിലെ പുതിയ പ്രണയജോഡികൾ. ആലിയയോടുളള പ്രണയം രൺബീർ പരസ്യമായി തുറന്നു പറഞ്ഞു കഴിഞ്ഞു. “ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിൽ ആലിയയുമായുളള പ്രണയത്തെക്കുറിച്ച് രൺബീർ പറഞ്ഞതാണിത്.

രൺബീറിനോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ഒരു അഭിമുഖത്തിൽ ആലിയയും തുറന്നു സമ്മതിച്ചിരുന്നു. എന്നാൽ രൺബീറിനോടാണ് പ്രണയമെങ്കിലും ആലിയ മനസ് തുറക്കുന്നത് താരത്തിനോടല്ല. ബോളിവുഡിലെ ഹിറ്റ് മേക്കർ കരൺ ജോഹറിനോട് ആലിയ തന്റെ മനസ് തുറക്കുന്നത്.

”സൂര്യനു കീഴിലെ എന്തിനെക്കുറിച്ചാണെങ്കിലും അത് വ്യക്തിപരമോ, പ്രൊഫഷണലോ, ഫിലോസഫിക്കലോ അതല്ല മറ്റെന്തായാലും ഞാൻ സംസാരിക്കുന്നത് ഒരേയൊരാളോട് മാത്രമാണ്, കരൺ ജോഹർ. അദ്ദേഹവുമായി സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ ഉന്മേഷവതിയാകും. എന്നെ അത് മറ്റൊരുതലത്തിലേക്ക് കൊണ്ടുപോകും”, ആലിയ പറഞ്ഞു.

2012 ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ കരൺ ജോഹറാണ് ആലിയയെ ബോളിവുഡിൽ അവതരിപ്പിക്കുന്നത്. ആലിയയുടെ പുതിയ സിനിമയായ റാസി നിർമ്മിച്ചിരിക്കുന്നതും കരൺ ആണ്. ബോക്സോഫിസിൽ റാസി വലിയ വിജയമാണ് തീർത്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 120 കോടി നേടിക്കഴിഞ്ഞു.

ആലിയയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായാണ് റാസി വിലയിരുത്തപ്പെടുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാനില്‍ പോയി ചാര പ്രവര്‍ത്തനം നടത്തുന്ന 19 വയസുകാരി കശ്‌മീരി പെണ്‍കുട്ടിയായാണ് ആലിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് ആലിയ ഇപ്പോൾ അഭിനയിക്കുന്നത്. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook