മുംബൈ ബാന്ദ്രയിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. നിർമ്മാണത്തിലിരിക്കുന്ന കപൂർ ബംഗ്ലാവിന് സമീപത്തു തന്നെയാണ് പുതിയ അപ്പാർട്ട്മെന്റും. 37.8 കോടി രൂപയ്ക്കാണ് ആലിയ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏരിയൽ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിന്റെ ആറാം നിലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 10ന് നടന്നു. ആലിയ 2.26 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചത്. അതേ ദിവസം തന്നെ ജുഹുവിലെ രണ്ട് ഫ്ലാറ്റുകൾ ആലിയ തന്റെ സഹോദരി ഷഹീനും സമ്മാനിച്ചു. 2,086 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അവളുടെ രണ്ട് ജുഹു അപ്പാർട്ടുമെന്റുകളുടെ ഗിഫ്റ്റ് ഡീഡിന്റെ രജിസ്ട്രേഷനായി 30 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടക്കുകയും ചെയ്തു.

തന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ പേരിലാണ് ആലിയ അപ്പാർട്ട്മെന്റ് വാങ്ങിയത്. 2,497 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്മെന്റ് ബാന്ദ്ര വെസ്റ്റിലെ പോഷ് പാലി ഹിൽ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്.
ആലിയയും രൺബീറും ഇപ്പോൾ താമസിക്കുന്നത് പാലി ഹില്ലിലെ വാസ്തു എന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലാണ്. ഇവിടെ വച്ചാണ് കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. 2022ലാണ് ആലിയയ്ക്കും രൺബീറിനും ഒരു പെൺകുഞ്ഞ് പിറന്നത്, രാഹ എന്നാണ് മകൾക്ക് താരദമ്പതികൾ പേരു നൽകിയിരിക്കുന്നത്.
റൊമാന്റിക് കോമഡി ചിത്രമായ തു ജൂതി മെയ്ൻ മക്കാർ ആണ് രൺബീറിന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം ആലിയ തന്റെ പുതിയ ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ റിലീസിനായി കാത്തിരിക്കുകയാണ്.