2023 മെറ്റ ഗാലയിൽ ആദ്യമായെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വോഗ് ഷെയർ ചെയ്ത വീഡിയോയിലൂടെ ന്യൂയോർക്കിലെ ആലിയയുടെ ചില നിമിഷങ്ങളുടെ ആരാധകർക്ക് കാണാനായി. വസ്ത്രമൊരുക്കിയ പ്രഭൽ ഗുരുംഗ്, സ്റ്റൈലിസ്റ്റ് അനൈത ഷ്റോഫ് അഡജാനിയ എന്നിവർക്കൊപ്പം താൻ റെഡ് കാർപ്പറ്റിൽ അണിയുന്ന വസ്ത്രം ട്രയൽ ചെയ്യുകയാണ് ആലിയ. താരത്തിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ‘ഹാർട്ട് ഓഫ് സ്റ്റോണും’ ഈ വർഷം അവസാനം റിലീസിനെത്തും.
നടിയും തന്റെ പ്രിയ സുഹൃത്തുമായ പ്രിയങ്ക ചോപ്രയുമായി സംഭാഷത്തിലേർപ്പെട്ടതിനെ കുറിച്ചും ആലിയ വീഡിയോയിൽ പറയുന്നുണ്ട്. താൻ മ്യൂസിയത്തിനകത്ത് എത്തുമ്പോഴേക്കും പ്രിയങ്ക അവിടെയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആലിയ ഓർക്കുന്നു. “പ്രിയങ്കയും ഞാനും ഇതിനെ കുറിച്ച് ഇന്നലെ സംസാരിച്ചിരുന്നു. നീ അകത്തേയ്ക്ക് വരൂ, എന്നിട്ട് ഞങ്ങളെ കണ്ടുപിടിക്കൂ എന്നാണ് പ്രിയങ്ക പറഞ്ഞത്. തീർച്ചയായും കാരണം നിങ്ങളായിരിക്കും എന്റെ കൂടെ ബാത്ത്റൂമിലേക്ക് വരുന്നത് എനിക്കെന്തായാലും ഒറ്റയ്ക്ക് പോകാനാകില്ലല്ലോ എന്നായിരുന്നു ഞാൻ പറഞ്ഞത്” ആലിയയുടെ വാക്കുകളിങ്ങനെയാണ്. ഫർഹാൻ അക്തറുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജീ ലേ സറാ’യിൽ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്.
ഗാലയിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ആലിയ പറയുന്നത്. റെഡ് കാർപ്പറ്റിലേക്ക് പോകാൻ ഒരുങ്ങുന്ന സമയത്ത് തനിക്ക് ടെൻഷനൊന്നുമില്ലെന്നും എന്നാൽ അവിടെയെത്തുമ്പോൾ ചിലപ്പോൾ പേടി തോന്നാൻ സാധ്യതയുണ്ടെന്നും ആലിയ പറയുന്നു. തന്റെ വിവാഹ സമയത്തും ഇതേ പോലെയായിരുന്നെന്നും താരം പറഞ്ഞു.
2022 നവംബറിലാണ് ആലിയയ്ക്ക് മകൾ ജനിച്ചത്. ഇത്രയധികം ദിവസം റാഹയുടെ അരികിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും ആലിയ പറയുന്നു. “റാഹയുടെ അടുത്ത് നിന്ന് ഇത്രയധികം ദിവസം ഞാൻ മാറി നിന്നിട്ടില്ല. അവൾക്കിപ്പോൾ ആറു മാസമായി ഇതിനു മുൻപ് ഒരു ദിവസം മാത്രമാണ് ഞാൻ റാഹക്കരികിൽ ഇല്ലാതിരുന്നത്. ഇപ്പോൾ ഇതാ നാലു ദിവസമാകാൻ പോകുന്നു. എഴുന്നേറ്റ ഉടനെ അവളെ കുറച്ചു സമയമെങ്കിലും വീഡിയോ കോൾ ചെയ്യും.”
ഒരു ലക്ഷം പേൾ ഉപയോഗിച്ച് ഒരുക്കിയ ഗൗണാണ് ആലിയ മെറ്റ ഗാലയിൽ അണിഞ്ഞത്.