ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും റൺബീർ കപൂറും ശനിയാഴ്ച മുംബൈയിൽ വച്ച് മാധ്യമങ്ങളെ കണ്ടു. മകൾ റാഹയുടെ ചിത്രങ്ങൾ പകർത്തരുതെന്നാണ് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. റാഹയുടെ ചിത്രം മാധ്യമങ്ങളെ കാണിക്കാനും റൺബീർ മറന്നില്ല.
“ബോളിവുഡിലെ ഏറ്റവും പോപ്പുലറായ ദമ്പതികളാണ് ആലിയയും റൺബീറും. കഴിഞ്ഞ വർഷമാണ് അവർക്ക് മകൾ ജനിച്ചത്. ഇന്ന് അവർ പാപ്പരാസികളെ കണ്ട് മകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് അഭ്യർത്ഥിച്ചു. മാധ്യമങ്ങളിൽ നിന്ന് മകളെ അകറ്റി നിർത്തുന്നതിന്റെ കാരണങ്ങൾ അവർ വ്യക്തമാക്കുകയും ചെയ്‌തു.മകൾക്കു കുറച്ചു കൂടി പ്രായമാകുമ്പോൾ കുഞ്ഞിന്റെ ചിത്രങ്ങളെടുക്കാൻ സമ്മതിക്കാമെന്ന വാക്കും അവർ തന്നു” പാപ്പരാസി വരിന്ദർ ചവ്ല സോഷ്യൽ മീഡിയയിൽ കുറിച്ചു.
2022 നവംബർ ആറിനാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ബോളിവുഡിലെ മിന്നും താരമായി തിളങ്ങി നിൽക്കുന്നതിനിടിയിലാണ് ആലിയയുടെ വിവാഹവും ഗർഭവും പ്രസവവും ഒക്കെ. വിവാഹിതയായി എന്ന കാരണത്താൽ സിനിമ ഉപേക്ഷിച്ചു പോവുകയോ കരിയർ ബ്രേക്ക് എടുക്കുകയോ ചെയ്യില്ലെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ആലിയ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭകാലത്തും തന്റെ സിനിമകളുടെ പ്രമോഷൻ തിരക്കിലായിരുന്നു ആലിയ.
കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ആലിയയും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
രൺബീറിനും ആലിയയ്ക്കും കഴിഞ്ഞ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്‌മാസ്‌ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി,’ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആലിയ ചിത്രങ്ങൾ.