ബോളിവുഡിന്റെ പുതിയ പ്രണയജോഡികളാണ് ആലിയയും രൺബീറും. ഈ പ്രണയജോഡികളെ വിടാതെ പിന്തുടർന്ന് പാപ്പരാസി ക്യാമറകളും പിറകെ തന്നെയുണ്ട്. കഴിഞ്ഞ ദിവസം സീ സിനി അവാർഡ് ചടങ്ങിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും ഫോട്ടോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൈകോർത്തുപിടിച്ച് അവാർഡ് ദാന ചടങ്ങിനെത്തിയ ആലിയയും രൺബീറും വേദിയിൽ ഒന്നിച്ച് നൃത്തം ചെയ്യുകയും ചെയ്തു. ഫ്ളോറൽ ഗൗണിൽ അതീവസുന്ദരിയായി പ്രത്യക്ഷപ്പെട്ട ആലിയയെ കാറിലിറങ്ങിയപ്പോൾ മുതൽ വേദിയിലെത്തും വരെ അനുഗമിക്കുന്ന രൺബീറിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. ‘ഇഷ്ഖ് വാല ലൗ’ എന്ന ഗാനത്തിന് അനുസരിച്ച് ഇരുവരും ചുവടുകൾ വെയ്ക്കുകയും ചെയ്തു.
അടുത്തിടെ മുംബൈ ജുഹൂവിലെ വീട്ടിൽ വച്ചു നടന്ന ആലിയയുടെ പിറന്നാളാഘോഷങ്ങളിലും രൺബീർ പങ്കെടുത്തിരുന്നു. തന്റെ മാതാപിതാക്കൾക്കും രൺബീറിനും സംവിധായകൻ കരൺ ജോഹറിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആലിയയുടെ പിറന്നാൾ ആഘോഷം. ഒന്നിലേറെ കേക്കുകൾ കട്ട് ചെയ്തായിരുന്നു ആലിയയുടെ പിറന്നാൾ ആഘോഷം.
Read more: രൺബീറിനൊപ്പം ആലിയയുടെ പിറന്നാളാഘോഷം; ചിത്രങ്ങളും വീഡിയോയും
സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാർത്തകൾ ബോളിവുഡിൽ പ്രചരിച്ചു തുടങ്ങിയത്. പിന്നാലെ ഇരുവരുടെയും പ്രണയം സ്ഥിതീകരിച്ചുകൊണ്ട് ആലിയയുടെ പിതാവ് മഹേഷ് ഭട്ടും രംഗത്തുവരികയായിരുന്നു. ദീപിക പദുകോൺ- രൺവീർ സിംഗ് വിവാഹം കഴിഞ്ഞതോടെ ആലിയ- രൺബീർ വിവാഹം എപ്പോഴാണെന്ന ചോദ്യങ്ങളുമായി പാപ്പരാസികളും ഇരുവരുടെയും പിറകെയുണ്ട്.
ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ബ്രഹ്മാസ്ത്ര’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ലോഗോ പ്രകാശനം കുഭമേളയ്ക്കിടെ ആലിയയും രൺബീറും സംവിധായകൻ അയാൻ മുഖർജിയും ചേർന്ന് നിർവ്വഹിച്ചിരുന്നു.
കരൺ ജോഹറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘കലങ്ക്’ ആണ് റിലീസിനൊരുങ്ങുന്ന ആലിയയുടെ മറ്റൊരു ചിത്രം. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനോക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. രൂപ് എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘കലങ്കി’ലെ താരങ്ങളുടെ ക്യാരക്ടർ ലുക്കും ടീസറുമെല്ലാം അടുത്തിടെ റിലീസാവുകയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കലങ്ക്’. ‘2 സ്റ്റേറ്റ്സ്’ ഫെയിം അഭിഷേക് വർമനാണ് ചിത്രത്തിന്റെ സംവിധായകൻ. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. എസ് എസ് രാജമൗലി ഒരുക്കുന്ന ‘ആർആർആർ’ ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ആലിയ ചിത്രം.
Read more: റാണിയെ പോലെ ആലിയ; ‘കലങ്ക്’ ലുക്ക്