എറണാകുളം : നാടകം എന്നാൽ ‘നാടിന്‍റെ അകം’ ആണെന്നു ഓർമിപ്പിച്ചു കൊണ്ടാണ് അലെൻസിയർ നാടകം ആരംഭിക്കുന്നത്. വേദി കമ്മട്ടിപ്പാടത്തിനടുത്ത് രാജീവ് രവിയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണ കമ്പനിയായ ‘ കളക്ടീവ് ഫേസ് വൺ’.  കൂട്ടിനു ‘ഇര’ എന്ന വിശേഷണവുമായി നാട്ടകത്തിലെ ശിഷ്യ, ചിഞ്ചു.

ദൈനംദിന ജീവിതത്തിലെ സ്ത്രീ വിരുദ്ധതകളിലേക്കുള്ള തത്സമയാവിഷ്കരണമാണ് പിന്നീടുള്ള ഒരു മണിക്കൂർ നേരം അരങ്ങേറിയത്. സംരക്ഷണബോധത്തിൽ ‘ഇര’ യുടെ ഉടുക്കാനുള്ളതും നടക്കാനുള്ളതുമായ സ്വാതന്ത്ര്യത്തിനു തടയിടുന്ന അച്ഛൻ, കൂട്ടുകാരിയെ പ്രദർശനവസ്തുവാക്കിയിരുത്തിയ കാമുകൻ, പെങ്ങളെ  സംരക്ഷിക്കപ്പെടേണ്ടവൾ മാത്രമായി കാണുന്ന ആങ്ങള.

alencier ley lopez, drama, film actor, artist baby, performs

അലൻസിയറും ചിഞ്ചുവും

കാണികളായി വന്നവർ ‘ഇര’ യുടെ ആങ്ങളയായും അച്ഛനായും കാമുകനായും വേദിയിലേക്ക് കടന്നു വന്നു. സ്ത്രീയുടെ ശരീരത്തിൽ ചുവന്ന ചായം കൊണ്ട് മുറിപ്പാടുകൾ നൽകി, അവളുടെ മുഖം കറുത്ത തുണികൊണ്ടു മൂടി, തലയിൽ മുൾക്കിരീടങ്ങൾ ചാർത്തി. ഇര, പീഡിത രൂപമായി, അൾത്താരപോലെ നിശ്ചലമായി വേദിയിൽ നിന്നു. അലൻസിയർ ചോദ്യങ്ങളുമായി വേദിയിൽ നിന്നും താഴേക്ക്. ഇവിടെ കർട്ടൻ ഉയർത്തലും താഴ്ത്തലും ഇല്ലെന്ന ഓർമ്മിപ്പിക്കൽ. വേദിയില്ലാതെ, വേഷവിധാനങ്ങൾ ഇല്ലാതെ അലൻസിയറും ചിഞ്ചുവും കാണികൾക്കിടയിലൂടെ സാധാരണത്വത്തെ തന്മയത്വത്തോടെ ആടി തീർത്ത ഒരു മണിക്കൂർ.

“നാടകം എനിക്കിഷ്ടമാണ്. നാട് + അകം = നാടകം എന്നാണു. നാട്ടിനകത്തുള്ള എല്ലാ പറയുക എന്നത് തന്നെയാണ്. എനിക്കിഷ്ടമുള്ളതു നാടകം ആയതുകൊണ്ട് ഞാനത് ചെയ്തുകൊണ്ടിരിക്കും” സ്വതസിദ്ധമായ നർമ്മം കലർന്ന ചിരിയോടെ അലൻസിയർ പറയുന്നു.

ഞാൻ സ്റ്റീവ് ലോപസിലൂടെയും മഹേഷിന്‍റെ പ്രതികാരത്തിലെ ആർട്ടിസ്റ്റ് ബേബിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ അലൻസിയർ ഒരു മുഴുവൻ സമയ നാടക പ്രവർത്തകനാണ്. മുൻപും ‘നാടകമാണ് തന്‍റെ മീഡിയം’ എന്ന പ്രഖ്യാപനവുമായി സാമൂഹ്യപ്രധാനമുള്ള വിഷയങ്ങളിൽ നാടകം കളിച്ചുകൊണ്ട് അലൻസിയർ തൻ്റെ നിലപാടുകൾ വിളിച്ചു പറഞ്ഞിട്ടുണ്ട്.

1992 ൽ ബാബരി മസ്ജിദ്  തകർക്കപെട്ടപ്പോൾ  സെക്രട്ടറിയേറ്റിനു ചുറ്റും വാവിട്ടു കരഞ്ഞുകൊണ്ട് ഓടിയും, ഈ വർഷമാദ്യം സംവിധായകൻ കമലിനെതിരെയുള്ള സംഘപരിവാർ ആക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഷൂട്ടിംഗിനിടയിൽ നാടകവുമായി കാസർഗോഡ് തെരുവിലേക്ക് ഇറങ്ങിയും അലൻസിയർ തന്നിലെ സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരനെ ആവിഷ്കരിച്ചിട്ടുണ്ട്.

ഇനിയും ഇതു തുടർന്നുകൊണ്ടിരിക്കും എന്ന് തന്നെയാണ് ആർട്ടിസ്റ്റ് അലൻസിയർ സൂചിപ്പിക്കുന്നതും…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ