മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരങ്ങൾ രണ്ടു തവണ കരസ്ഥമാക്കിയ മെക്സിക്കൻ സംവിധായകൻ അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റു 72-ാമത് കാൻ ഫെസ്റ്റിവലിൽ ജൂറി പ്രസിഡന്റാവുന്നു. ഇതാദ്യമായാണ് കാൻ ഫെസ്റ്റിവലിന്റെ ജൂറി തലപ്പത്ത് ഒരു മെക്സിക്കക്കാരൻ എത്തുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ പ്രസിഡന്റ് പിയർ ലെസ്ക്യൂർ ആണ് ഈ വാർത്ത അനൗൺസ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട സംവിധായകനും ഇക്കാലത്തിന്റെ കലാകാരനും അതിശയങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നവനുമായ സംവിധായകൻ എന്നാണ് പിയർ, അലെയാന്ദ്രോ ഇനാറിറ്റുവിനെ വിശേഷിപ്പിച്ചത്.

“ഇത് ഏറെ അഭിമാനകരവും സന്തോഷകരവുമായ കാര്യമാണ്. അതേ സമയം, ഏറെ പാഷനോടെയും അർപ്പണത്തോടെയും ചെയ്യേണ്ട ഒരുത്തരവാദിത്വം കൂടിയാണ്,” തന്നെ തേടിയെത്തിയ പുതിയ ചുമതലയെ കുറിച്ച് അലെയാന്ദ്രോ ഇനാരിറ്റു പറഞ്ഞു. ലോകസിനിമയുടെ ഹൃദയം എന്നാണ് കാൻ ഫിലിം ഫെസ്റ്റിവലിനെ ഇനാരിറ്റു വിശേഷിപ്പിക്കുന്നത്.

കേറ്റ് ബ്ലാൻചെറ്റ് ആയിരുന്നു 2018ൽ കാൻ ഫെസ്റ്റിവലിന്റെ ജൂറി പ്രസിഡന്റ്. ഹിരോസാകു കൊറീദ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ഷോപ്പ് ലിഫ്റ്റേഴ്സ്’ ആയിരുന്നു കഴിഞ്ഞ വർഷം മികച്ച ചിത്രത്തിനുള്ള കാൻ പാംദോർ പുരസ്കാരം സ്വന്തമാക്കിയത്. ജപ്പാനിലെ ഒരു നിർധനകുടുംബത്തിന്റെ കഥ പറഞ്ഞ ‘ഷോപ്പ് ലിഫ്റ്റേഴ്സ്’ കാൻ ഫെസ്റ്റിവലിൽ അടക്കം നിരവധി പുരസ്കാരങ്ങളാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

തുടർച്ചയായി രണ്ടു വർഷം ഓസ്കാറിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളും അലെയാന്ദ്രോ ഇനാരിറ്റു കരസ്ഥമാക്കിയിരുന്നു. 2016 ൽ ‘ദ റെവനന്റി’നും 2015 ൽ ‘ബേഡ്‌മാനു’മായിരുന്നു ഇനാറിറ്റു ഓസ്കാർ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ആ വർഷം ‘ബേഡ്‌മാൻ’ നേടിയിരുന്നു. ഒപ്പം മികച്ച ഒർജിനൽ തിരക്കഥ, മികച്ച ഛായാഗ്രാഹകൻ എന്നിവയ്ക്കുള്ള അവാർഡും ‘ബേഡ്‌മാൻ’ എന്ന ചിത്രത്തിനു തന്നെയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook