മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് പൃഥ്വിരാജ്-സുപ്രിയാ മേനോൻ ദമ്പതികളുടെ മകൾ അലംകൃത എന്ന അല്ലി. മകളുടെ വിശേഷങ്ങൾ പതിവായി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട് പൃഥ്വിയും സുപ്രിയയും. വായനയിലും എഴുത്തിലും തല്പരയാണ് പത്തു വയസ്സുള്ള അലംകൃത.
അല്ലി അമ്മയ്‌ക്കെഴുതിയ ഏറ്റവും പുതിയ കത്താണ് ഇപ്പോൾ സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒരു കത്തെഴുതാൻ പറയുന്ന ഒരു അസൈൻമെന്റിന്റെ ഭാഗമായാണ് ഇത് എഴുതിയിരിക്കുന്നത്. ‘അമ്മ തനിക്ക് എന്ത് കൊണ്ട് സ്പെഷ്യൽ ആണ് എന്നും അമ്മയെക്കുറിച്ചു ഏറ്റവും ഇഷ്ടമുള്ള/സ്നേഹിക്കുന്ന കാര്യം എന്താണ് എന്നും കത്തിൽ എഴുതണം എന്ന് അസൈൻമെന്റിൽ പറയുന്നു. അല്ലിയുടെ കത്ത് ഇങ്ങനെ.
‘പ്രിയപ്പെട്ട മമ്മ, മമ്മ എനിക്ക് സ്പെഷ്യൽ ആണ്… എന്ത് കൊണ്ടെന്നാൽ… നിങ്ങളുടെ വൊക്കാബുലറിയും (പദ സമ്പത്ത്) പ്രൊനൗൻസിയേഷനും (ഉച്ചാരണം) സൂപ്പർ ആണ്. ഉനോ പോലുള്ള ഗെയിംസ് നന്നായി കളിക്കും. പിന്നെ എനിക്ക് പറയാനുള്ളത്… നമ്മൾ ഒരുമിച്ച് പഴം-പച്ചക്കറി കടയിൽ പോകുന്നത് ഫൺ ആണ്… കളിപ്പാട്ട കടയിലോ ബുക്ക് സ്റ്റോറിലോ പോകുന്നതും രസമാണ്. ഐ ലവ് യു മമ്മ. സ്നേഹത്തോടെ അല്ലി.’
സുപ്രിയയുടെ പോസ്റ്റിനു താഴെ അലിയുടെ കൈയ്യക്ഷരത്തെയും ആലോചനാ ശക്തിയെയും ഒക്കെ പ്രശംസിച്ചു കൊണ്ട് ആരാധകർ എത്തി. അല്ലിയുടെ ഒപ്പിനെ ‘സ്റ്റൈലിഷ്’ എന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട് അക്കൂട്ടത്തിൽ. കമന്റുകളുടെ ഇടയിൽ, പച്ചക്കറി കടയിൽ പോകുന്നത് എന്തിനാണ് എന്ന് ചോദിച്ച ഒരു ആരാധകനോട്, ‘പച്ചക്കറി വാങ്ങാൻ, വേറെ എന്തിനു?’ എന്ന് സുപ്രിയ മറുപടിയും നൽകി.