രണ്ടു ചിത്രങ്ങള്‍ മാത്രം ചെയ്‌തിട്ടുള്ള ഒരു സംവിധായകനൊപ്പം ഒരു സൂപ്പര്‍ സ്റ്റാര്‍ കൈകോര്‍ക്കുന്നത് സിനിമയില്‍ അത്ര പതിവില്ലാത്ത ഒരു കാര്യമാണ്. സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ സംവിധായകനോടൊപ്പം അടുത്തടുത്ത് രണ്ടു ചിത്രങ്ങള്‍ ചെയ്യുക എന്നത് അത്ര പോലും പതിവില്ലാത്ത ഒന്നാണ്. ഈ സാഹചര്യത്തിലാണ് പാ രഞ്ജിത്ത് എന്ന സംവിധായകനും രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാറും ‘കാല’ എന്ന ചിത്രത്തിനായി ഒരു ചെറിയ കാലയളവിനുള്ളില്‍ വീണ്ടും ഒന്നിക്കുന്നത്. ഇവര്‍ ഒരുമിച്ചു ആദ്യം ചെയ്‌ത ചിത്രം ‘കബാലി’ സൂപ്പര്‍ ഹിറ്റായിരുന്നു.
‘കൊച്ചടൈയാന്‍’, ‘ലിംഗ’ എന്നിങ്ങനെയുള്ള ചിത്രങ്ങളെല്ലാം വിജയം കാണാതെ പോയ ഒരു സമയത്താണ് രജനീകാന്ത് ആദ്യമായി അദ്ദേഹം താര പരിവേഷം അഴിച്ചു വച്ച് ചുവടു മാറ്റി തുടങ്ങുന്നത്. ‘ലിംഗ’യുടെ പരാജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ.
“എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ് ‘ലിംഗ’യുടേത്. കുടിവെള്ള ദൗര്‍ലഭ്യത്തെക്കുറിച്ചായിരുന്നു അത്. തെന്നിന്ത്യയിലെ നദികളെയെല്ലാം ഒന്നിപ്പിക്കുക എന്നത് എന്റെ വലിയൊരു സ്വപ്‌നമാണ്. അത് നടന്നു കണ്ടാല്‍ എനിക്ക് സമാധാനമായി മരിക്കാം. പക്ഷേ ഞാന്‍ കരുതിയത് പോലെയുള്ള ഒരു വിജയം ചിത്രത്തിന് ഉണ്ടായില്ല. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഒരാള്‍ക്ക് നന്നാവാം, പക്ഷേ തിരശീലയ്ക്കകത്തും പുറത്തും വളരെ നല്ലത് എന്ന് തോന്നിപ്പിക്കുന്നത് ചെയ്യില്ല എന്ന്.”
അക്കാലത്തൊരിക്കല്‍, രജനീകാന്തിന്റെ രണ്ടാമത്തെ മകള്‍ സൗന്ദര്യ രഞ്ജിത്തിനെ അച്‌ഛന് പരിചയപ്പെടുത്തി കൊടുത്തു. അന്ന് ഇരുവരും ചേര്‍ന്ന് ഒരു സിനിമയുടെ ആശയം ചര്‍ച്ച ചെയ്തു. തിരക്കഥ പൂര്‍ത്തിയാക്കാന്‍ രഞ്ജിത്ത് അൽപം സമയം ചോദിച്ചെങ്കിലും സമയത്തിന് തിരക്കഥ പൂര്‍ത്തിയായില്ല. തിരക്കഥയെക്കുറിച്ച് ചില ആശങ്കള്‍ ഉണ്ടെന്ന് രഞ്ജിത്ത് തന്നോട് പറഞ്ഞതായി രജനീകാന്ത് മറ്റൊരു അവസരത്തില്‍ വെളിപ്പെടുത്തി.
“എന്തോ ഒന്ന് മിസിങ് ആണ് സ്ക്രിപ്റ്റില്‍ എന്നാണ് പ്രൊജക്റ്റ് വൈകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രഞ്ജിത്ത് പറഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അസുലഭ അവസരമാണ് തനിക്കു കൈവന്നിരിക്കുന്നത് എന്നും അത് കുളമാക്കിയാല്‍ തന്റെ സിനിമാ ജീവിതം തന്നെ നിന്ന് പോകുമെന്നും രഞ്ജിത്ത് ഭയപ്പെട്ടു. അന്ന് എനിക്ക് ബോധ്യപ്പെട്ടു, അയാള്‍ ഒരു അവസരവാദിയല്ല എന്ന്. അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്ത സംവിധായകന്‍ ഇത് തന്നെ എന്ന്.”
കുറച്ചു നാളുകള്‍ കഴിഞ്ഞ് രജനീകാന്തിന്റെ കൈയ്യിലേക്ക് ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും രഞ്ജിത്ത് എത്തിച്ചു. എത്രയോ കാലത്തിനു ശേഷമാണ് പൂര്‍ണമായ ഒരു തിരക്കഥ തനിക്കു ലഭിക്കുന്നത് എന്നാണ് രജനി അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എങ്കിലും രജനീകാന്തിന് സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമുള്ള സംശയങ്ങള്‍ മാറിയില്ല. സിനിമ പൂര്‍ത്തിയായി, അത് കണ്ടതിനു ശേഷമാണ് അത് മാറിയത്. ആ അവസരത്തില്‍ രഞ്ജിത്തിനെ അഭിനന്ദിക്കുകയും ചെയ്തു രജനി.
‘കബാലി’ എന്ന ആ ചിത്രത്തിന് ശേഷം രജനി തന്റെ അടുത്ത സിനിമയ്കായുള്ള തിരക്കഥകള്‍ തേടിത്തുടങ്ങി. ഒരിക്കല്‍ വീട്ടിലിരുന്നു തമാശയായി രജനീകാന്ത് തന്റെ മൂത്ത മകള്‍ ഐശ്വര്യയോടും മരുമകന്‍ ധനുഷിനോടും ചോദിച്ചു ,”എന്നെ വച്ചൊരു സിനിമ ചെയ്യുമോ നിങ്ങള്‍?” എന്ന്. ഉടന്‍ തന്നെ അവര്‍ സമ്മതിക്കുകയും വെട്രിമാരന്‍ എന്ന സംവിധായകനെ വിളിച്ച് അദ്ദേഹത്തിന്റെ ഒരു തിരക്കഥ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.
നല്ല തിരക്കഥയായിരുന്നിട്ടു കൂടി രജനി അതിന് കൈകൊടുത്തില്ല. ‘ടൂ പോളിടിക്കല്‍’ ആണ് അതിന്റെ കഥ എന്ന് രജനിയ്ക്ക് തോന്നിയതാണ് കാരണം. അവിടെ നിന്നും വലിയ ഇടവേളയ്ക്കു ശേഷം രജനി വീണ്ടും രഞ്ജിത്തിനെ വിളിച്ചു. ഇത്തവണത്തേത് ഒരു കമേഴ്സ്യല്‍ ചിത്രമായിരിക്കണം എന്ന് രജനിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു, ‘കബാലി’ ഒരു രഞ്ജിത്ത് ചിത്രമായിരുന്നുവെങ്കില്‍ ഇത് ഒരു രഞ്ജിത്ത്-രജനി ചിത്രമായിരിക്കണം എന്നും. ആദ്യ ഘട്ടത്തില്‍ ‘കബാലി’യ്ക്ക് ഒരു രണ്ടാം ഭാഗം എന്ന നിലയില്‍ ആലോചിച്ചു തുടങ്ങിയ രഞ്ജിത്തിനോട് മുംബൈയില്‍ സെറ്റ് ചെയ്ത ഒരു കഥ ചെയ്യാന്‍ രജനി ആവശ്യപ്പെടുകയായിരുന്നു. ‘കാല’ പിറവിയെടുത്തത് ഇങ്ങനെ.
“മൂന്ന് മാസത്തേക്ക് മുംബൈയിലേക്ക് പോയ രഞ്ജിത്ത് ‘കാല’യുടെ തിരക്കഥയുമായാണ് മടങ്ങിയത്. ഒരു സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിക്കില്ല എന്ന തോന്നലുമായി. സ്വാര്‍ത്ഥനല്ല രഞ്ജിത്ത്; സമൂഹത്തിനും നമുക്ക് ചുറ്റിലുമുള്ളവര്‍ക്കും വേണ്ടി നല്ലത് ചെയ്യണം എന്ന ചിന്തയുള്ള മനുഷ്യനുമാണ്. ഈ പ്രായത്തില്‍ ഇത്രയും ആഴത്തില്‍ ചിന്തിക്കുന്ന ഒരാളെ കാണുന്നത് അപൂര്‍വ്വമാണ്. എന്റെ സിനിമാ ജീവിതത്തില്‍ പ്രധാനപ്പെട്ട രണ്ടു വില്ലന്‍ വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ‘ബാഷ’യിലെ ആന്റണിയും ‘പടയപ്പ’യിലെ നീലാംബരിയും.