ന്യൂയോര്‍ക്ക്‌ : കാലമെത്ര കഴിഞ്ഞാലും ഗാങ്ങ്സ്റ്റര്‍ പടമെന്ന നിലയില്‍ വെല്ലുവിളികള്‍ക്കതീതമായ സിനിമകള്‍ ഉണ്ട് എങ്കില്‍ അത് മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ ചലച്ചിത്രങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല ! അധോലക സിനിമകളില്‍ മറ്റാരെക്കാളും അപ്രമാദിത്വമുള്ള നടന്മാരായി അല്‍ പാച്ചീനോയേയും റോബര്‍ട്ട് ഡി നിറോയേയും വിലയിരുത്തിയാലും അത് ഖണ്ഡിക്കുക അല്‍പ്പം പ്രയാസം. അതിനാല്‍ തന്നെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് എന്ന് പറഞ്ഞാല്‍ സിനിമാ പ്രേമികള്‍ക്ക് ആകാംക്ഷ ഏറും. എന്നാല്‍ അങ്ങനെയൊന്നു വീണ്ടും സംഭവിക്കുന്നു എന്നു തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.

എഴുപത്തിയേഴുകാരനായ അല്‍ പാച്ചീനോയും എഴുപത്തിനാലുകാരനായ ഡി നീറോയും നാല്‍പ്പതു വര്‍ഷത്തിനു ശേഷം ഒരു സീനില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നു. ഗോഡ്ഫാദറിന്‍റെ രണ്ടാം ഭാഗത്തിനു ശേഷം ഇവര്‍ രണ്ടുപേരും ഒരുമിച്ചഭിനയിച്ച സിനിമകള്‍ ഉണ്ടെങ്കിലും ഒരുമിച്ച് ഒരേ സീനില്‍ വരുന്നത് ഇതാദ്യമായാണ്. അതും ഒരു മാര്‍ട്ടിന്‍ സ്കോര്‍സെസേ പടത്തില്‍ എന്നത് ശ്രദ്ധേയം. ദി ഐറിഷ് മാന്‍ എന്നു പേരിട്ട സിനിമയുടെ ഷൂട്ട്‌ നടന്നുവരികയാണ് ഇപ്പോള്‍.

ഡി നീറോ ഒരു വാടക കൊലയാളിയായി അഭിനയിക്കുന്ന ചിത്രത്തില്‍ ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിലടക്കം അദ്ദേഹം പങ്കുവഹിച്ചതായി പറയുന്നു എന്ന്‍ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗുഡ്ഫെല്ലാസ്, ഡിപാര്‍ട്ടഡ്, കാസിനോ, ഗാങ്ങ്സ് ഓഫ് ന്യൂ യോര്‍ക്ക്‌, റേജിങ് ബുള്‍, ബ്രിങ്ങിങ് ഔട്ട്‌ ദി ഡെഡ്, മീന്‍ സ്ട്രീറ്റ് എന്നീ അധോലോക സിനിമകളിലൂടെ അത്ഭുതപ്പെടുത്തിയ സ്കോര്‍സെസേ ഗോഡ്ഫാദറിലെ ജോഡികളെ വച്ച് വീണ്ടുമൊരു പടമെടുക്കുമ്പോള്‍ ഒരത്ഭുതത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെയാണ് ഹോളിവുഡ് സംസാരം !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ