അക്ഷയ് കുമാറിന്റെ കനേഡിയൻ പൗരത്വത്തെ കുറിച്ചുള്ള വിവാദങ്ങളാണ് ബോളിവുഡിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം. തീർത്തും വ്യക്തിപരമായ തന്റെ കനേഡിയൻ പൗരത്വത്തെ അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങളുടെ ഭാഗമാക്കുന്നു എന്നതിന്റെ നിരാശയിലാണ് താരം ഇപ്പോൾ.
ലോക്‌സഭ ഇലക്ഷന്റെ വോട്ടെടുപ്പിനിടെ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, മാധുരി ദീക്ഷിത്, ദീപിക പദുകോൺ തുടങ്ങിയ ബോളിവുഡ് താരങ്ങളെല്ലാം പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്തിരുന്നു. അക്കൂട്ടത്തിൽ പ്രധാനമായും ആളുകൾ ശ്രദ്ധിച്ചൊരു അസാന്നിധ്യം അക്ഷയ് കുമാറിന്റേതായിരുന്നു. പ്രധാനമന്ത്രി മോദിയോടും, ബിജെപി രാഷ്ട്രീയത്തോടും പരസ്യമായി തന്നെ നിരവധി തവണ അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ് കുമാര്‍ കനേഡിയൻ പൗരനാണെന്ന വാർത്തയ്ക്ക് അതോടെ ചൂടുപിടിച്ചു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അക്ഷയ് കുമാർ നടത്തിയ അഭിമുഖം കൂടി വൈറലായതോടെ അക്ഷയ് കുമാറിന്റെ പൗരത്വവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഈ വിഷയത്തിൽ തന്റെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാർ.
” എന്റെ പൗരത്വത്തെ കുറിച്ചുള്ള അനാവശ്യ താൽപ്പര്യവും നെഗറ്റീവിറ്റിയും എന്തിനെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്റെ കനേഡിയൻ പൗരത്വം ഞാനൊരിക്കലും മറച്ചുവെയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഞാൻ കാനഡ സന്ദർശിച്ചിട്ടില്ലെന്നും സത്യമാണ്. ഞാനിവിടെ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്, നികുതി അടയ്ക്കുന്നതും ഇവിടെയാണ്. ഇത്രയും വർഷത്തിനിടയ്ക്ക് രാജ്യത്തോടുള്ള എന്റെ സ്നേഹം തെളിയിക്കേണ്ട ആവശ്യം വന്നിട്ടില്ല. ഇപ്പോൾ നിരന്തരമായി എന്റെ പൗരത്വത്തെ കുറിച്ചുള്ള വിഷയം അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിരാശനാക്കുന്നു. വളരെ വ്യക്തിപരവും നിയമപരവും രാഷ്ട്രീയവുമല്ലാത്ത വിഷയമാണിത്. മറ്റുള്ളവർക്ക് ഈ വിഷയം ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നില്ല,” അക്ഷയ് കുമാർ പറയുന്നു. ‘ഇന്ത്യയ്ക്ക് കൂടുതൽ കരുത്തു പകരുന്നതിനായി എന്നെ കൊണ്ടാവുന്ന സംഭാവനകൾ നൽകുന്നത് തുടരുക തന്നെ ചെയ്യും’ എന്ന വാക്കുകളോടെയാണ് അക്ഷയ് കുമാർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
— Akshay Kumar (@akshaykumar) May 3, 2019
അക്ഷയ് കുമാറിന്റെ പ്രസ്താവനയ്ക്ക് ശേഷം നടനും ബിജെപി എംപിയുമായ പരേഷ് റാവലും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. ” എന്റെ ജീവിതത്തിലും കരിയറിലും ഞാൻ പരിചയപ്പെട്ട ഏറ്റവും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള വ്യക്തിയാണ് അക്ഷയ്. അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും സത്യമാണ്, ഞങ്ങൾ എല്ലാവരും താങ്കൾക്ക് ഒപ്പമുണ്ട്,” പരേഷ് റാവൽ കുറിച്ചു.
“സത്യസന്ധവും വിവേകവുമുള്ള വാക്കുകൾ. അക്ഷയ് കുമാർ ഇന്ത്യൻ ചലച്ചിത്രസമൂഹത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്. ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്കും സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനങ്ങൾ ഏറെയാണ്. അദ്ദേഹത്തിന്റെ കയ്യിലുള്ള പാസ്പോർട്ടിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കുന്നവരേക്കാൾ സംഭാവന ഇന്ത്യയ്ക്കായി അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്തരം കള്ളക്കഥകളും അനാവശ്യവിവാദങ്ങളും ഉടനെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ഫിലിം എക്സിബിറ്ററായ അക്ഷയ് രത്തി ട്വീറ്റ് ചെയ്തത്.
Read more: അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം ലഭിച്ചിട്ടുണ്ട്; വിവാദമായി വെളിപ്പെടുത്തല്‍
“എക്കാലത്തും ഏറ്റവും കൂടുതൽ ടാക്സ് അടയ്ക്കുന്ന വ്യക്തികളിൽ ഒരാളാണ് അക്ഷയ്. ഇന്ത്യയുടെ മുന്നേറ്റത്തിനും സമൃദ്ധിയ്ക്കും അദ്ദേഹം എന്തു നൽകി എന്നതിനുള്ള മികച്ച സ്റ്റേറ്റ്മെന്റ് കൂടിയാണത്, ആദരവ്,” എന്നാണ് ആർ ജെ സലീൽ ആചാര്യയുടെ ട്വീറ്റ്. സിനിമാലോകത്തുനിന്നും നിരവധിയേറെ പേർ താരത്തെ പിന്തുണച്ച് രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്.
"Toronto is my home, after I retire from this industry I will settle in Canada" pic.twitter.com/Ypet1U0oBJ
— Tarique Anwer (@tanwer_m) May 3, 2019
അതേസമയം, സിനിമയിൽ നിന്നും വിരമിക്കുമ്പോൾ താൻ കാനഡയിൽ ചെന്ന് താമസിക്കും എന്ന പ്രസ്താവനയോടു കൂടിയ അക്ഷയ് കുമാറിന്റെ ഒരു പഴയ വീഡിയോ ഷെയർ ചെയ്ത് ചർച്ചകൾക്ക് ചൂടു പിടിപ്പിക്കാൻ ഒരു കൂട്ടം ആളുകളും രംഗത്തുണ്ട്.