നിത്യേന രാവിലെ നാലു മണിയ്ക്ക് എണീക്കുന്ന തന്റെ ജീവിതത്തിൽ, സൂര്യോദയം കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് ബോളിവുഡിന്റെ പ്രിയതാരം അക്ഷയ് കുമാർ പറയുന്നു. രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ‘2.0’യുടെ ട്രെയിലർ ലോഞ്ചിനിടെ, തന്റെ അണുവിട തെറ്റാത്ത ദിനചര്യയുടെ വിശേഷങ്ങൾ സദസ്സുമായി പങ്കുവെയ്ക്കുകയായിരുന്നു താരം.
“ഞാൻ രാവിലെ നാലു മണിയ്ക്ക് എണീക്കും. നിത്യേന ജിമ്മിൽ പോവും. എന്റെ പിതാവ് പട്ടാളത്തിലായിരുന്നു. ഈ ദിനചര്യ ഒരിക്കലും എന്റെ വീട്ടുകാർ എന്നിൽ അടിച്ചേൽപ്പിച്ചതല്ല. അഭിമാനത്തോടെ തന്നെ പറയട്ടെ, സൂര്യോദയം കാണാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ശരീരം എന്റെ ക്ഷേത്രമാണ്,” അക്ഷയ് കുമാർ പറയുന്നു. 51-ാം വയസ്സിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന അക്ഷയ് ഫിറ്റ്‌നെസ്സിൽ ഏറെ ശ്രദ്ധാലുവാണ്.
Read more: അക്ഷയ് എന്നെ വിഷമിപ്പിച്ചു, അങ്ങനെ ചെയ്യാൻ പാടില്ല: അമിതാഭ് ബച്ചൻ
“വെല്ലുവിളിയുയർത്തുന്ന നിരവധിയേറെ കാര്യങ്ങൾ പഠിക്കാൻ എനിക്കു സാധിച്ചു. ശങ്കർ ഒരു ശാസ്ത്രജ്ഞനാണ്, സംവിധായകനല്ല. മൂന്നു മണിക്കൂർ എടുത്താണ് ചിത്രത്തിന് വേണ്ടി എന്റെ മേക്കപ്പ് ചെയ്തത്, ഒരു മണിക്കൂർ വേണം മേക്കപ്പ് നീക്കം ചെയ്യാനും. എന്നെ കണ്ണാടിയിൽ കണ്ടപ്പോൾ എനിക്കു തന്നെ വിശ്വസിക്കാനായില്ല. സിനിമ സ്ക്രീനിൽ കാണാനായി ഞാൻ കാത്തിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ വെറുതെയാവില്ല. നന്ദി ശങ്കർ സാർ,” സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ അക്ഷയ് കുമാർ പങ്കുവെച്ചു.
ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ തമിഴിൽ സംസാരിക്കാനൊരു ശ്രമവും അക്ഷയ് കുമാർ നടത്തി. “തമിഴിലെഴുതിയ പ്രസംഗം എന്റെ കയ്യിലുണ്ട്. ഞാൻ തമിഴിൽ സംസാരിക്കാൻ ശ്രമിച്ചു നോക്കുകയാണ്. എന്റെ ഉച്ചാരണം ശരിയല്ലെങ്കിൽ ദയവായി ക്ഷമിക്കുമല്ലോ. കഴിഞ്ഞ മൂന്നു മണിക്കൂറായി ഞാൻ തമിഴിൽ പ്രസംഗം പറഞ്ഞു പ്രാക്റ്റീസ് ചെയ്യുകയായിരുന്നു,” അക്ഷയ് കുമാർ പറയുന്നു.
ചിത്രത്തിൽ വില്ലൻ പരിവേഷമുള്ള ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജനായാണ് അക്ഷയ് കുമാർ എത്തുന്നത്. ആദ്യമായി ഒരു ബോളിവുഡ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ‘2.0’ന് അവകാശപ്പെടാം. എമി ജാക്സൺ ആണ് ചിത്രത്തിലെ നായിക.
400 കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് നിർവ്വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി ചാനൽ സ്വന്തമാക്കിയത് 110 കോടി രൂപ എന്ന റെക്കോഡ് തുകയ്ക്കാണ്. ചിതത്രം നവംബർ 29 ന് തിയേറ്ററുകളിലെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ സയന്റിഫിക്ക് ഫിക്ഷൻ സിനിമയാണ് ‘2.0’