/indian-express-malayalam/media/media_files/uploads/2023/10/Akshay-Kumar.jpg)
ഡൽഹിയിലെ തന്റെ കുട്ടിക്കാല ഓർമകൾ പങ്കുവച്ച് അക്ഷയ് കുമാർ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സക്സസ്‌ഫുൾ ആയ താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ ലിസ്റ്റിലും അക്ഷയ് കുമാർ ഉണ്ട്. ഇന്ന് നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം വിജയം നേടിയ അക്ഷയിന്റെ കരിയർ ഏറെ ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോയത്.
സിനിമയിലേക്ക് വരുന്നതിനു മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ചും എളിയ തുടക്കത്തെ കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മുംബൈയിലേക്ക് താമസം മാറുന്നതിന് മുൻപ് തന്റെ ബാല്യത്തിന്റെ വലിയൊരു ഭാഗം ഡൽഹിയിൽ ആണ് അക്ഷയ് ചെലവിട്ടത്. തന്റെ 24അംഗ കുടുംബത്തിനൊപ്പം ചാന്ദ്നി ചൗക്കിലെ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നതെന്നും അക്ഷയ് പറയുന്നു.
“ഞങ്ങൾ 24 പേരാണ് ചാന്ദ്‌നി ചൗക്കിലെ ആ വീട്ടിൽ താമസിച്ചിരുന്നത്. ഞങ്ങൾ എല്ലാവരും ഒരേ മുറിയിൽ കിടക്കും. രാവിലെ, വ്യായാമത്തിനായി എഴുന്നേൽക്കുമ്പോൾ പുറത്തുകടക്കാനുള്ള തന്ത്രപ്പാടാണ്. ” എഎൻഐയോട് സംസാരിക്കവെ അക്ഷയ് പറഞ്ഞു. കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയതിന് ശേഷവും സിയോൺ കോളിവാഡയിലെ ഒരു ചെറിയ വീട്ടിലാണ് തങ്ങൾ താമസിച്ചിരുന്നതെന്നും അവിടെ വാടക 100 രൂപയായിരുന്നുവെന്നും അക്ഷയ് പറയുന്നു.
പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ ജീവിച്ചിരുന്നെങ്കിലും എല്ലാവരും എപ്പോഴും സന്തോഷത്തിലായിരുന്നുവെന്നും അക്ഷയ് ഓർക്കുന്നു. “ദൈവത്തിന്റെ പേരിൽ സത്യം ചെയ്യുന്നു, ഞങ്ങൾ ചിരിക്കുകയോ ആഹ്ളാദിക്കുകയോ ചെയ്യാത്ത ഒരു ദിവസം പോലും അന്ന് ഉണ്ടായിരുന്നില്ല. ഇപ്പോൾ പണമുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ സങ്കടം തോന്നും. പക്ഷേ ആ സമയത്ത് സങ്കടപ്പെടാൻ ഒന്നുമില്ലായിരുന്നു, ദാൽ ചാവലും ജീര ആലുവും ആലു ഗോബിയും ബിൻണ്ടിയുമൊക്കെ കഴിച്ച് ഞങ്ങൾ സന്തോഷിച്ചു,” അക്ഷയ് കുട്ടിക്കാലം ഓർത്തെടുത്തു.
ആ ദിവസങ്ങളിലെ മറ്റൊരു കഥയും അക്ഷയ് ഓർത്തെടുത്തു. താൻ ഏഴാം ക്ലാസിൽ പരാജയപ്പെട്ടിരുന്നുവെന്നും അതിനാൽ ആ വർഷം ആവർത്തിക്കേണ്ടി വന്നെന്നും അക്ഷയ് പറഞ്ഞു. "ഏഴിൽ തോറ്റപ്പോൾ അച്ഛൻ അടിക്കാൻ വന്നു. അദ്ദേഹം എന്നോട്, നിനക്ക് എന്താവാനാണ് ഭാവം എന്നു ചോദിച്ചു. ആ സമയത്ത് സിനിമാ നടനാകാൻ ആഗ്രഹമില്ലായിരുന്നുവെങ്കിലും “എനിക്ക് ഒരു ഹീറോ ആവണം' എന്നാണ് ഞാൻ പറഞ്ഞത്," അക്ഷയ് ഓർക്കുന്നു.
എന്നാൽ ആ സമയത്ത് യഥാർത്ഥത്തിൽ ആയോധന കല അഭ്യസിപ്പിക്കുന്ന അധ്യാപകൻ ആവാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും ഹീറോ ആവണമെന്ന ഡയലോഗ് എവിടെ നിന്നാണ് പെട്ടെന്ന് വന്നതെന്ന് തനിക്കിപ്പോഴുമറിയില്ലെന്നും അക്ഷയ് പറയുന്നു. സിനിമയോട് കുട്ടിക്കാലത്തെ ഇഷ്ടമുണ്ടായിരുന്നുവെന്നും താനും കുടുംബവും തങ്ങളുടെ പ്രതിവാര സിനിമാ യാത്രകൾക്കായി ശനിയാഴ്ചത്തെ ഭക്ഷണം ഒഴിവാക്കുമായിരുന്നുവെന്നും അക്ഷയ് കൂട്ടിച്ചേർത്തു.
അക്ഷയ് നായകനായ മിഷൻ റാണിഗഞ്ച് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.