/indian-express-malayalam/media/media_files/uploads/2017/11/Akshay-old-new-akshay-kumar_1441776702140.jpg)
ജീവിതം പലപ്പോഴും അങ്ങനെയാണ്. ഉയരത്തിലെത്തണമെന്ന് കണക്കുകൂട്ടി തിരക്കിട്ട പദ്ധതി തയ്യാറാക്കുമ്പോഴായിരിക്കും കാല്‍തെറ്റി താഴ്ച്ചയിലേക്ക് പതിക്കുക. കൈവിട്ട് പോയെന്ന് തോന്നുന്ന നിമിഷത്തില്‍ ഭാഗ്യദേവത കടാക്ഷിക്കുന്നതും വിധിയുടെ മറ്റൊരു കളി. ഒരു വിമാനം കിട്ടാതെ പോയത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച അനുഭവമാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്നത്.
അന്ന് ആ വിമാനം കിട്ടിയിരുന്നെങ്കില്‍ ഇന്ന് വിരമിച്ച ഒരു മോഡല്‍ ആവുമായിരുന്നു 50കാരനായ അക്ഷയ് കുമാര്‍. സിനിമാ ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിക്കാനുളള ശ്രമം നടത്തുന്ന കാലത്താണ് ബംഗളൂരുവില്‍ ഒരു മോഡലിംഗ് ജോലിക്കായി അക്ഷയ്ക്ക് അവസരം ലഭിച്ചത്. പിറ്റേന്ന് രാവിലെ ബംഗളൂരുവില്‍ എത്തണമെന്നാണ് ഏജന്‍സി അറിയിച്ചിരുന്നത്.
അക്ഷയ്ക്ക് വേണ്ടി വിമാനത്തിന് ടിക്കറ്റും ബുക്ക് ചെയ്തു. 6 മണിക്കാണ് ഫ്ലൈറ്റ് എന്നാണ് അക്ഷയ്ക്ക് കിട്ടിയ വിവരം. വെകുന്നേരമാണ് വിമാനം പുറപ്പെടുക എന്നാണ് അക്ഷയ് കരുതിയതെങ്കിലും രാവിലെ 6 മണിക്കായിരുന്നു സമയം. രാവിലെ 5.10ന് തന്നെ ഏജന്‍സിയില്‍ നിന്നും അക്ഷയ്ക്ക് ഫോണ്‍സന്ദേശം വന്നു. 'എവിടെയാണ് ഉളളതെന്ന്' മറുതലയ്ക്കല്‍ നിന്ന് ചോദിച്ചപ്പോള്‍ 'കിടക്കയില്‍' ആണെന്നായിരുന്നു താരത്തിന്റെ മറുപടി. 'ഉത്തരവാദിത്ത ബോധമില്ലാത്ത നിങ്ങളെ പോലെ ഒരാള്‍ ജീവിതത്തില്‍ വിജയിക്കില്ല' എന്നായിരുന്നു അക്ഷയിയോട് ഏജന്‍സി അധികൃതര്‍ അപ്പോള്‍ മറുപടി പറഞ്ഞത്. എന്നാല്‍ താന്‍ ഇപ്പോള്‍ തന്നെ ഓടി വരാമെന്നും, അല്ലെങ്കില്‍ വിമാനത്താവളത്തേക്ക് മോട്ടോര്‍സൈക്കിളില്‍ പറന്ന് വരാമെന്നും അക്ഷയ് പറഞ്ഞെങ്കിലും ഏജന്‍സി അധികൃതര്‍ നിസഹയരാണെന്ന് പറഞ്ഞ് വിമാനത്തില്‍ പോവുകയായിരുന്നു.
അന്ന് കണ്ണീരോടെയാണ് താന്‍ സ്വയം പഴിച്ചതെന്ന് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അന്നത്തെ ദിവസം തന്നെ മുംബൈയിലെ നടരാജ് സ്റ്റുഡിയോയിലേക്ക് പോയപ്പോഴാണ് നടന്റെ ജീവിത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. അന്നാണ് പ്രശസ്ത സംവിധായകനായ പ്രമോദ് ചക്രബര്‍ത്തിയുടെ മേക്കപ്പ് മാനെ അവിടെ വെച്ച് പരിചയപ്പെട്ടത്. പിന്നാലെ സംവിധായകനെ കാണുകയും അന്ന് തന്നെ അദ്ദേഹവുമായി മൂന്ന് സിനിമകളുടെ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.
അക്ഷയിയെ മുറിയിലേക്ക് വിളിച്ച സംവിധായകന്‍ ചെക്ക് കൈമാറുകയും ചെയ്തു. ആദ്യ സിനിമയ്ക്ക് 50,000 രൂപയും രണ്ടാം സിനിമയ്ക്ക് 1 ലക്ഷം രൂപയും മൂന്നാം ചിത്രത്തിന് 1.5 ലക്ഷം രൂപയുമാണ് അന്ന് തനിക്ക് കിട്ടിയതെന്ന് അക്ഷയ് പറഞ്ഞു. അന്ന് വൈകുന്നേരം 6 മണിക്കാണ് തനിക്ക് ഈ പ്രതിഫലം കിട്ടി കരാറില്‍ ഒപ്പുവെച്ചതെന്ന് അക്ഷയ് ഓര്‍ത്തെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.