പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ലൈംഗിക അധിക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട്. പക്ഷേ പലരും അത് തുറന്നു പറയാറില്ല. എന്നാലിതാ ചെറുപ്പത്തിൽ ലൈംഗിക അധിക്ഷേപത്തിന് താനും ഇരായായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാർ. മുംബൈയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ആറു വയസ്സുളളപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അക്ഷയ് വിവരിച്ചത്.

”എന്തു കാര്യത്തെക്കുറിച്ചും തുറന്നു പറയാൻ എന്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ എന്നോട് പറയുമായിരുന്നു. അത് ലൈംഗിക വിഷയമാവട്ട, മറ്റുളളവരിൽനിന്നുളള മോശം പെരുമാറ്റമാകട്ടെ, എന്തിനെക്കുറിച്ചും എനിക്ക് മാതാപിതാക്കളോട് തുറന്നു സംസാരിക്കാമായിരുന്നു. എനിക്ക് ആറു വയസ്സുളളപ്പോഴാണ് ലൈംഗിക അധിക്ഷേപം ഉണ്ടായത്. അയൽവാസിയുടെ വീട്ടിലേക്ക് പോകാൻ ഞാൻ ലിഫ്റ്റിൽ കയറി. ആ സമയത്ത് ലിഫ്റ്റ് പ്രവർത്തിക്കുന്നയാൾ എന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. ഈ സംഭവത്തെക്കുറിച്ച് അച്ഛനോട് ഞാൻ പറഞ്ഞു. അദ്ദേഹം പൊലീസിൽ പരാതി നൽകി. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു”.

”ചെറുപ്പത്തിൽ ഞാൻ നാണംകുണുങ്ങിയായ കുട്ടിയായിരുന്നു. എന്നാൽ എനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് നാണക്കേട് വിചാരിക്കാതെ ഞാൻ മാതാപിതാക്കളോട് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും തങ്ങൾക്കുണ്ടാകുന്ന മോശം അനുഭവങ്ങളെക്കുറിച്ച് മാതാപിതാക്കളോട് തുറന്നു പറയാൻ പ്രോൽസാഹിപ്പിക്കണമെന്നും” അക്ഷയ് പറഞ്ഞു.

ബോളിവുഡ് നടികളായ സോനം കപൂർ, കൽക്കി തുടങ്ങിയവരൊക്കെ ചെറുപ്പത്തിൽ തങ്ങളും ലൈംഗിക അധിക്ഷേപത്തിനും പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഒരു നടൻ ഇതിനെക്കുറിച്ച് തുറന്നു പറയുന്നത് ഇതാദ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ