തന്റേതായ അഭിനയം കൊണ്ട് ഏവരുടെയും പ്രിയങ്കരനായ താരമാണ് അക്ഷയ് കുമാർ. ഈ വർഷത്തെ മികച്ച നടനുളള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ഇന്ന് സമൂഹത്തിൽ ഏറിവരുന്ന ആത്മഹത്യയുടെ എണ്ണത്തിൽ ആശങ്കാകുലനാണ് അക്ഷയ് കുമാർ. ട്വിറ്ററിലാണ് ഇക്കാര്യം പറയുന്ന ഒരു വിഡിയോ അക്ഷയ് കുമാർ പങ്ക് വച്ചിരിക്കുന്നത്. പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനാൽ ആത്മഹത്യ ചെയ്യുന്നവരോട് ജീവന് ഒരു വിലയും നൽകുന്നില്ലേയെന്നാണ് അക്ഷയ് കുമാർ വിഡിയോയിൽ ചോദിക്കുന്നത്. തന്റെ ജീവിതത്തിൽ നടന്ന ഒരു പ്രധാന സംഭവവും അദ്ദേഹം പങ്ക് വയ്‌ക്കുന്നുണ്ട്. താക്കോൽ ഇല്ലാതെ ഒരു പൂട്ടും ഇല്ല എന്നും പരിഹാരമില്ലാത്ത പ്രശ്‌നങ്ങളൊന്നും വരാറില്ലെന്നും പറഞ്ഞാണ് അദ്ദേഹം വിഡിയോ പങ്ക് വച്ചിരിക്കുന്നത്.

ദേശീയ അവാർഡ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് പണ്ട് പരീക്ഷയിൽ തോറ്റു പോയ കാര്യവും അദ്ദേഹം പറയുന്നുണ്ട്. മാതാപിതാക്കൾ​ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും ദേഷ്യപ്പെടുമോ എന്നുമായിരുന്നു എന്റെ ടെൻഷൻ. പക്ഷേ കാർഡ് കാണിച്ചു കൊടുത്തപ്പോൾ, ജീവിതത്തിൽ എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛൻ ചോദിച്ചു. സ്‌പോർട്സാണ് ഇഷ്‌ടമെന്ന് പറഞ്ഞപ്പോൾ അതിനെ പിന്തുണക്കാമെന്ന് പറഞ്ഞു. പക്ഷേ പഠനം തുടരണമെന്ന് പറഞ്ഞു. അങ്ങനെ മാർഷൽ ആർട്‌സും മോഡലിങ്ങും വഴി പിന്നീട് സിനിമയിലെത്തി” അക്ഷയ് കുമാർ പറയുന്നു.

ഈ അനുഭവം പങ്കുവച്ചു കൊണ്ട് ഇന്ത്യയിൽ നിരവധി പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിഡിയോയിൽ പറഞ്ഞു. നിരവധി ചെറുപ്പക്കാർ പഠനത്തിന്റെ ടെൻഷൻ താങ്ങാനാവത്തതിനാലും റിലേഷൻ ഷിപ്പിലെ പ്രശ്‌നങ്ങളാലും ജീവിതം അവസാനിപ്പിക്കുന്നു. ജീവിതത്തിന് ഒരു വിലയുമില്ലേയെന്ന് അക്ഷയ് വിഡിയോയിൽ ചോദിക്കുന്നു. മക്കളുടെ ആത്മഹത്യയെ കുറിച്ചറിയുന്ന മാതാപിതാക്കളുടെ അവസ്ഥ എന്തെന്ന് ആലോചിക്കണണം. മാർക്ക് ഷീറ്റിനേക്കാൾ വലുതാണ് ജീവിതം. മാതാപിതാക്കളും മക്കളും തമ്മിലുളള ആശയവിനിമയം കുറയുന്നതിനെ കുറിച്ചും അക്ഷയ് കുമാർ വിഡിയോയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ