റിലീസ് ചെയ്‌ത് രണ്ടാഴ്‌ചയ്‌ക്കുളളിൽ തന്നെ അക്ഷയ് കുമാർ നായകനായ ജോളി എൽഎൽബി 2 നൂറു കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് 11 ദിവസത്തിനുളളിൽ 97.92 കോടിയാണ് ജോളി എൽഎൽബി 2 നേടിയത്. ഒരു ദിവസം കൂടി കഴിയുമ്പോഴേക്കും ചിത്രം നൂറു കോടി കവിയും. ജോളി എൽഎൽബി 2വിലൂടെ ഷാരൂഖ് ഖാന്റെ റെക്കോർഡിന് ഒപ്പമെത്തുകയാണ് അക്ഷയ് കുമാർ. ഏഴ് നൂറു കോടി ചിത്രങ്ങൾ എന്ന ഷാരൂഖിന്റെ നിലവിലെ റെക്കോർഡ് ഇനി അക്ഷയുടെ പേരിൽ കൂടെയാകും.

ജോളി എൽഎൽബിയുടെ ആദ്യ ചിത്രത്തിന്റെ അനുബന്ധമായാണ് ജോളി എൽഎൽബി 2 ഇറങ്ങിയത്. അക്ഷയ് കുമാറിനെ കൂടാതെ അന്നു കപൂർ, ഹ്യുമ ഖുറേഷി, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജോളി കൂടി നൂറു കോടി ക്ലബ്ബിലെത്തുന്നതോടെ അക്ഷയുടെ തുടർച്ചയായ നാലാം നൂറു കോടി ചിത്രമാകും ഇത്. എയർലിഫ്‌റ്റ്, ഹൗസ്ഫുൾ 3, റസ്റ്റം എന്നിവയായിരുന്നു അക്ഷയ്‌യുടെ അവസാന നൂറു കോടി ചിത്രങ്ങൾ.

സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ജോളി എൽഎൽബി 2 വിൽ അഭിഭാഷകന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. കോടതിയിലെത്തുന്ന ഒരു കേസിനെ ആസ്‌പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജോളി എന്ന ടൈറ്റിൽ റോളിൽ തന്നെയാണ് അക്ഷയ് എത്തുന്നത്.

Read More: ജോളിയായി അക്ഷയ് കുമാറിന്റെ വക്കീൽ വേഷം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ