താരങ്ങളോടുള്ള ആരാധകരുടെ സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ, തന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു ആരാധകന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ. തന്റെ പ്രിയതാരത്തെ ഒരു നോക്കു കാണാനായി പർബത് എന്ന ചെറുപ്പക്കാരൻ നടന്നത് 900 കിലോമീറ്റർ. ഗുജറാത്തിലെ ദ്വാരകയിൽ നിന്നും തന്റെ ഇഷ്ടതാരത്തെ കാണാൻ മുംബൈ വരെ നടക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. കടുത്ത അക്ഷയ് കുമാർ ഫാനായ പർബത് 18 ദിവസം കൊണ്ടാണ് മുംബൈയിൽ എത്തിച്ചേർന്നത്
തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞ ആരാധകന്റെ കഥ അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിലൂടെ ലോകവുമായി പങ്കുവച്ചിരിക്കുന്നത്. “ഇന്ന് പർബതിനെ കണ്ടു, ദ്വാരകയിൽ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവൻ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേർന്ന അവൻ എന്നെ ഇന്നു കാണാൻ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കൾ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കിൽ, പിന്നെ അവരെ തടയാൻ ഒന്നിനുമാകില്ല,” #SundayMotivation എന്ന ഹാഷ് ടാഗോടെ പർബതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അക്ഷയ് കുമാർ കുറിച്ചു.
Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation pic.twitter.com/kJdyNxwwpa
— Akshay Kumar (@akshaykumar) September 1, 2019
“നിങ്ങളെ എല്ലാവരെയും കാണാൻ കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒപ്പം നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു. പക്ഷേ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കൂ എന്നാണ് എന്റെ അഭ്യർത്ഥന. നിങ്ങളുടെ സമയവും ഊർജ്ജവും ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിക്കൂ, അതാവും എന്നെ കൂടുതൽ സന്തുഷ്ടനാക്കുക. പർബതിന് എല്ലാവിധ ആശംസകളും,” അക്ഷയ് കുമാർ പറയുന്നു.
It’s always great to meet you all and I’m grateful for all the love you give me but a request to please not do these things…focus your time, energy and resources in bettering your life, that’ll make me the happiest Wishing Parbat all the very best pic.twitter.com/BvrP2JSDdc
— Akshay Kumar (@akshaykumar) September 1, 2019
ദിവസവും 50-55 കിലോമീറ്റർ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പർബത് മുംബൈയിലെത്തി ചേർന്നത്. ഞായറാഴ്ച താരം വീട്ടിലുണ്ടാവുമെന്ന് അറിഞ്ഞ പർബത് ശനിയാഴ്ച പെയ്ത മഴയെ പോലും വകവെയ്ക്കാതെ നടത്തം തുടരുകയായിരുന്നു.
Read more: ‘എന്റെ കൈയില്‍ ഒരുപാട് പണമുണ്ട്’; അസമിന് 2 കോടി രൂപ സംഭാവന നല്‍കിയതിനെ കുറിച്ച് അക്ഷയ് കുമാര്‍