മലയാള ചിത്രം ‘ഡ്രൈവിങ്ങ് ലൈസൻസി’ന്റെ ഹിന്ദി പതിപ്പായ ‘സെൽഫി’ യുടെ റിലീസിനായി തയാറെടുക്കുകയാണ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും. ഫെബ്രുവരി 24നു തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. മുംബൈ മെട്രോയിൽ അപ്രതീക്ഷിതമായെത്തി യാത്രകാർക്കൊപ്പം ചുവടു വയ്ക്കുന്ന താരങ്ങളുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘മേൻ ഖിലാഡി’ എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്‌തത്.
മുംബൈ ഡി എൻ നഗറിലുള്ള മെട്രോ സ്റ്റേഷനിലാണ് ഇരുവരും എത്തിയത്. ഇവർ ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. പ്ലാറ്റ്‌ഫോമിൽ കൂടി ഓടി വരുന്ന താരങ്ങളെ വീഡിയോയിൽ കാണാം. വളരെ കാഷ്വലായ വസ്ത്രമാണ് ഇരുവരും ധരിച്ചത്.
മെട്രോ നീങ്ങി തുടങ്ങുമ്പോൾ താരങ്ങൾ അവരുടെ മാസ്‌ക് അഴിക്കുകയാണ്, അപ്പോഴാണ് യാത്രികർക്ക് മാസ്ക്കിനു പിന്നിൽ ആരൊക്കെയാണെന്ന് മനസ്സിലാകുന്നത്. താരങ്ങളെ അപ്രതീക്ഷിതമായി കണ്ടപ്പോഴുള്ള ഞെട്ടൽ യാത്രക്കാരുടെ മുഖത്തുണ്ട്. ഒടുവിൽ ‘മേൻ ഖിലാഡി തൂ അനാരി’ എന്ന ഗാനത്തിനു നൃത്തം ചെയ്‌തു. താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും ആരാധകർ മറന്നില്ല.
രാജ് മെഹ്‌തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സെൽഫി’. നുശ്രത് ബറൂച്ച, ഡയാന പെന്റി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.