പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാർ. കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ വേണ്ടിയാണ് ഈ ഫണ്ട്.

“നമ്മുടെ ജനങ്ങളുടെ ജീവിതമാണ് പ്രധാനം. അതിനായി നമ്മൾ കഴിയാവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. എന്റെ സമ്പാദ്യത്തിൽ നിന്ന് 25 കോടി രൂപ നരേന്ദ്രമോദിജിയുടെ PM-CARES ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ”അക്ഷയ് കുമാർ തന്റെ ട്വീറ്റിൽ കുറിച്ചതിങ്ങനെ.

അക്ഷയ് കുമാറിന്റെ തീരുമാനത്തെ പ്രശംസിച്ച് ഭാര്യ ട്വിങ്കിൾ ഖന്നയും രംഗത്തെത്തി.

“ഈ മനുഷ്യൻ എനിക്ക് അഭിമാനമാകുന്നു. ഇത്രയും വലിയ തുക ഇപ്പോൾ ലിക്വിഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ആരംഭിക്കുമ്പോൾ എനിക്ക് ഒന്നുമില്ലായിരുന്നു. ഇപ്പോൾ ഞാൻ ഈ സ്ഥാനത്ത് നിൽക്കുമ്പോൾ ചെയ്യേണ്ടതിൽ നിന്ന് എനിക്കെങ്ങനെ പിന്മാറാനാകും? ” ട്വിങ്കിൾ കുറിക്കുന്നു.

പ്രതിസന്ധിയിലായ ആളുകളെ സഹായിക്കുന്നതിനായി നിരവധി സെലിബ്രിറ്റികൾ പണം സംഭാവന ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കാൻ 50 ലക്ഷം രൂപ സംഭാവന നൽകി മുന്നോട്ട് വന്ന സെലിബ്രിറ്റികളിൽ ആദ്യ ആൾ സൂപ്പർ സ്റ്റാർ രജനീകാന്ത് ആണ്. പ്രഭാസ്, മഹേഷ് ബാബു, പവൻ കല്യാൺ, രാം ചരൺ തുടങ്ങി നിരവധി താരങ്ങളും സംഭാവനകളുമായി മുന്നോട്ടു വന്നിരുന്നു.

കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ബോളിവുഡ് നടൻ ഹൃത്വിക് റോഷനും രംഗത്തെത്തിയിരുന്നു. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപറേഷനിലെ ജീവനക്കാർക്കും മറ്റു കെയർടേക്കേഴ്സിനുമായി എൻ95, എഫ്എഫ്പി3 മാസ്ക്കുകൾ വാങ്ങുകയാണ് ഹൃത്വിക് ചെയ്തത്. അതേസമയം കപിൽ ശർമ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കൊറോണ വൈറസ് ബാധയെ തടയാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിലൂടെ കടന്നുപോവുകയാണ് രാജ്യം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 900ൽ കൂടുതലാണ്. മരണസംഖ്യ 19 ആയി ഉയർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook