രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാക്ക് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ആദരം. ചത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ ഇക്കഴിഞ്ഞ മാർച്ച് 11ന് മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്കാണ് അക്ഷയുടെ സഹായ ഹസ്‌തം തുണയാകുന്നത്. 12 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് ബോളിവുഡിന്റെ ആക്ഷൻ ഹീറോ 1.08 കോടി രൂപയാണ് സഹായമായി നൽകുന്നത്.

വീരമൃത്യു വരിച്ച ഓരോ ജവാന്റേയും കുടുംബത്തിന് 9 ലക്ഷം രൂപ വീതമാണ് അക്ഷയ് നൽകുക. ജയ്‌സാൽമീർ സെക്‌ടറിലെ ഡിഐജി അമിത് ലോധ ഐപിഎസുമായി ഇതേക്കുറിച്ച് അക്ഷയ് സംസാരിച്ചുകഴിഞ്ഞു. ഡിഐജിയിൽ നിന്ന് വിവരങ്ങൾ കേട്ട ശേഷം ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ താത്‌പര്യം അറിയിക്കുകയായിരുന്നു.

ജവാന്മാർക്ക് ധാരാളം മെഡലുകൾ ലഭിച്ചിട്ടുണ്ടാകും. പക്ഷേ അവർക്ക് പണവും ആവശ്യമാണ്. നമ്മൾ പ്രാക്‌ടിക്കലാകണമെന്നും അക്ഷയ് പറയുന്നു. ഇതിനു മുൻപും ജവാന്മാരെ സഹായിക്കാനായി അക്ഷയ് മുന്നോട്ട് വന്നിരുന്നു. വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്മാരുടെ കുടുംബങ്ങൾക്കും 9 ലക്ഷം വീതം നടൻ നൽകിയിട്ടുണ്ട്. അക്ഷയ്‌യുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും രംഗത്തെത്തി. അക്ഷയുടെ നടപടി ധീരമാണെന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.

പൃഥ്വിരാജ് പ്രതിനായകനാകുന്ന നാം ശബാന, ടോയ്‌ലറ്റ് ഏക് പ്രേം കഥ, പദ്‌മൻ, രജനികാന്തിന്റെ 2.0, മൊഗുൾ എന്നിവയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ