/indian-express-malayalam/media/media_files/uploads/2018/09/Akshay-Kumar-Mohanlal.jpg)
Akshay Kumar Mohanlal
ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പിറന്നാളാണിന്ന്. ബോളിവുഡ് താരമെന്നു പറഞ്ഞാലും നമ്മള്‍ മലയാളികളുടേതു കൂടിയാണ് ഒരു തരത്തില്‍ അക്ഷയ് എന്നു പറയാതിരിക്കാനാകില്ല. കേരളവും മലയാളവും മലയാള സിനിമയും പ്രേക്ഷകരുമൊക്കെയായി ഒട്ടും ചെറുതല്ലാത്ത ബന്ധമാണ് അക്ഷയ്കുമാറിനുള്ളത്. പ്രളയത്തില്‍ വലയുന്ന സംസ്ഥാനത്തിന് താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ വഴി സംഭാവന നല്‍കിയതാണ് കേരളവുമായി ബന്ധപ്പെട്ടു ഏറ്റവുമടുത്ത് അദ്ദേഹം ചെയ്ത കാര്യം.
കഴിഞ്ഞ 26 വര്‍ഷമായി മുടങ്ങാതെ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്താറുണ്ട് താരം. സ്വര്‍ഗീയമായ അനുഭവം എന്നാണ് കേരളത്തിലെ ആയുര്‍വേദ ചികിത്സയെ അക്ഷയ് വിശേഷിപ്പിച്ചിട്ടുള്ളത്. തീര്‍ന്നില്ല അക്ഷയ് കുമാറിന്റെ കേരള ബന്ധം. മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും, മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രങ്ങളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.
അക്ഷയ് കുമാറിനെ മലയാളവുമായി ബന്ധിപ്പിച്ചതില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ പങ്കു തന്നെയാണ് എടുത്തു പറയേണ്ടത്. ഒമ്പതോളം മലയാളം ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളില്‍ അക്ഷയ് കുമാര്‍ നായകനായി എത്തിയിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലോ മുകേഷോ ചെയ്ത വേഷങ്ങളാണ് ഹിന്ദിയില്‍ മിക്കവാറും അക്ഷയ് കുമാര്‍ ചെയ്യാറുള്ളത്.
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'റാംജി റാവു സ്പീക്കിങ്ങി'ന്റെ ഹിന്ദി റീമേക്കായ 'ഹേരാ ഫേ'രിയില്‍ അക്ഷയ് കുമാര്‍ അവതരിപ്പിച്ചത് മുകേഷിന്റെ കഥാപാത്രമായിരുന്നു. പിന്നീട് 1990ല്‍ പുറത്തിറങ്ങിയ 'തൂവല്‍സ്പര്‍ശം' എന്ന ചിത്രം ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്തപ്പോഴും അക്ഷയ്കുമാര്‍ ഉണ്ടായിരുന്നു.
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രം 1993ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴി'ന്റെ റീമേക്ക് 'ഭൂല്‍ ഭുലയ്യാ' 2007ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയപ്പോള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച മനഃശാസ്ത്രജ്ഞന്റെ കഥാപാത്രത്തെയായിരുന്നു അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിനും അക്ഷയ് കുമാറും തമ്മില്‍ നിരവധി സാദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. രണ്ടു പേരുടേയും അഭിനയ രീതികളിലെ സാമ്യതകളെക്കുറിച്ചെല്ലാം പ്രിയദര്‍ശന്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. 'ഒപ്പം' എന്ന ചിത്രം ഹിന്ദിയില്‍ ഒരുക്കുകയാണെങ്കില്‍ മോഹന്‍ലാല്‍ അഭിനയിച്ച വേഷം കൈകാര്യം ചെയ്യുക അക്ഷയ് കുമാറായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുകേഷ് മുഖ്യവേഷത്തിലെത്തിയ 'മാട്ടുപ്പെട്ടി മച്ചാന്‍' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അക്ഷയ് കുമാര്‍ തന്നെയായിരുന്നു നായകന്‍. പിന്നീട് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'വെള്ളാനകളുടെ നാട്' എന്ന ചിത്രം 'ഖട്ടാ മീത്താ' എന്ന പേരില്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തത് അക്ഷയ് കുമാറായിരുന്നു. ഈ ചിത്രം തൃഷയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു.
മോഹന്‍ലാല്‍-മുകേഷ്-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1995ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 'ബോയിങ് ബോയിങ്'. ഇതിന്റെ ഹിന്ദി റീമേക്കായ 'ഗരം മസാല'യില്‍ അക്ഷയ് കുമാറും ജോണ്‍ എബ്രഹാമുമാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം ബി ടൗണിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തിയ 'പോക്കിരി രാജ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലായിരുന്നു അക്ഷയ് കുമാര്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചത്. ചിത്രം പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടിയില്ല. 'ബോസ്' എന്ന പേരിലാണ് 'പോക്കിരി രാജ' ഹിന്ദിയില്‍ പുറത്തിറങ്ങിയത്.
സിദ്ദിഖ് ലാലിന്റെ 'മാന്നാര്‍ മത്തായി സ്പീക്കിങ്', സത്യന്‍ അന്തിക്കാടിന്റെ 'നാടോടിക്കാറ്റ്' എന്നീ ചിത്രങ്ങളുടെ പ്ലോട്ടിനെ ആധാരമാക്കി ഹിന്ദിയില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമായിരുന്നു 'ഭഗം ഭാഗ്'. ചിത്രത്തില്‍ മുകേഷ് ചെയ്ത വേഷമാണ് അക്ഷയ് കുമാര്‍ കൈകാര്യം ചെയ്തത്.
ബോളിവുഡ് ചിത്രമായ 'പ്യാര്‍ തോ ഹോനാ ഹേ ഥാ' യുടെ മലയാളം റീമേക്കായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'വെട്ടം'. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമായിരുന്നു ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീട് 'വെട്ട'ത്തിന്റെ പുതിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഹിന്ദിയില്‍ പ്രിയദര്‍ശന്‍ 'ദീ ധനാ ധന്‍' എന്ന ചിത്രം ഒരുക്കി. ഇതില്‍ ദിലീപിന്റെ വേഷം കൈകാര്യം ചെയ്തത് അക്ഷയ് കുമാറായിരുന്നു.
മലയാളിയായ നടി അസിന്റെ കല്യാണത്തിലും അക്ഷയ് കുമാറിന് പങ്കുണ്ട്. അസിന്റേയും രാഹുലിന്റേയും പ്രണയകഥയിൽ വലിയ റോളാണ് അക്ഷയ്ക്കുള്ളത്. രാഹുലിന്റെ സുഹൃത്താണ് അക്ഷയ്. ഇരുവരുടേയും വിവാഹത്തിനും കൊച്ചിയിൽ അക്ഷയ് എത്തിയിരുന്നു. കൂടാതെ രാഹുലിനും അസിനും കുഞ്ഞ് ജനിച്ചപ്പോൾ കുഞ്ഞിനെ ആളുകൾക്ക് പരിചയപ്പെടുത്തിയതും അക്ഷയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.