കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര മതം മാറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി കമല്‍ തന്നെ രംഗത്ത്. അക്ഷര ബുദ്ധമതം സ്വീകരിച്ചു എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നത്. ഈ റൂമറുകള്‍ക്ക് അവസാനമിടാനാണ് കമല്‍ ട്വിറ്ററിലൂടെ മകള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

“അക്ഷര, നീ മതം മാറിയോ? മതം മാറിയാലും നിന്നെ എനിക്ക് ഇഷ്ടമാണ്. സ്‌നേഹത്തിന് അതിരുകളില്ല. പക്ഷെ മതം അങ്ങനെയല്ല, ജീവിതം ആസ്വദിക്കൂ’-ഇതായിരുന്നു കമലിന്റെ ട്വീറ്റ്.
കമലിന്റെ ട്വീറ്റിന് അക്ഷര മറുപടിയും നല്‍കി. താന്‍ മതം മാറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ‘ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. എന്നാല്‍ ബുദ്ധമതം എന്നെ അതിയായി ആകര്‍ഷിക്കുന്നുണ്ട്. അതൊരു ജീവിത രീതിയാണ്’, ഇതായിരുന്നു അക്ഷരയുടെ മറുപടി.

കമലിന്റെ മകള്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന പ്രചാരണമാണ് സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ചത്. ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും അക്ഷര തന്റെ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായത്. അക്ഷര മതംമാറി, നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത് എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

തല അജിത്തിന്റെ ഏറെ പ്രതീക്ഷ നല്‍കുന്ന വിവേഗത്തിന്റെ തിരക്കിലാണ് അക്ഷര ഇപ്പോള്‍. ഈ ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ