സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്. മീ ടു പോലെയുളള വിപ്ലവങ്ങള്‍ നടക്കുന്ന കാലത്ത് തനിക്കെതിരെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് അക്ഷര പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് അക്ഷര ട്വീറ്റ് ചെയ്തു. സൈബര്‍ കുറ്റകൃത്യത്തിന്റെ ഇരയാണ് താനെന്നും അക്ഷര വ്യക്തമാക്കി.
‘എന്റെ സ്വകാര്യ ചിത്രങ്ങള്‍ ആരാണ്, എന്തിനാണ് പരസ്യപ്പെടുത്തിയതെന്ന് എനിക്ക് അറിയില്ല. എന്റെ നിസ്സഹായവസ്ഥയില്‍ ആ ചിത്രങ്ങള്‍ നിറംപിടിപ്പിച്ച തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നത് കാണുന്നത് എന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു,’ അക്ഷര പറഞ്ഞു.
സംഭവത്തിന് പിന്നാലെ അക്ഷര മുംബൈ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് അറിയാനാണ് നിയമനടപടി സ്വീകരിച്ചതെന്നും താരം ട്വീറ്റ് ചെയ്തു. തനിക്കെതിരെ ഇന്റര്‍നെറ്റില്‍ നടക്കുന്ന അധിക്ഷേപത്തില്‍ ഇനി ആരും പങ്കാളികളാവരുതെന്നും അക്ഷര അപേക്ഷിക്കുന്നുണ്ട്. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അനുമാനം. അടിവസ്ത്രങ്ങള്‍ അണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് ചോര്‍ന്നത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു. ‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് നായകനായ വിവേകത്തിലാണ് അക്ഷര അവസാനമായി അഭിനയിച്ചത്. നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.