ബോളിവുഡിന്റെ മനം കവരാൻ അക്ഷര ഹാസൻ വീണ്ടുമെത്തുന്നു. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് അക്ഷര ഹാസൻ വീണ്ടും ബോളിവുഡിലെത്തുന്നത്.

ലാലീ കി ശാദി മേ ലാഡ്ഡൂ ദീവാന എന്ന ചിത്രത്തിലൂടെയാണ് അക്ഷര വീണ്ടും ബോളിവുഡിൽ എത്തുന്നത്. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രം. ഗുർമീത് ചൗധരി, വിവാൻ ഷാ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലാലി എന്ന മോഡേൺ പെൺകുട്ടിയായാണ് അക്ഷര ചിത്രത്തിലെത്തുന്നത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഗുർമീത്, വിവാൻ എന്നിവരുടെയും ബോളിവുഡിലെ രണ്ടാമത്തെ ചിത്രമാണിത്.

ഷമിതാഭ് എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനോടൊപ്പമായിരുന്നു അക്ഷരയുടെ ബോളിവുഡ് അരങ്ങേറ്റം. 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ഷമിതാഭ്. കമലഹാസന്റെ രണ്ടാമത്തെ മകളാണ് അക്ഷര ഹാസൻ. ­തല അജിത്ത് നായകനാവുന്ന വിവേഗം എന്ന ചിത്രത്തിലും അക്ഷരയുണ്ട്. അക്ഷരയുടെ ആദ്യ തമിഴ് ചിത്രമാണ് വിവേഗം.

മനീഷ് ഹരിശങ്കറാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്റ്റാർ എന്റർടെയ്ൻമെന്റ് വേൾഡ് വൈഡ് പ്രസന്റേഷന്റെ ബാനറിൽ ടി.പി. അഗർവാളും രാഹുൽ അഗർവാളും ചേർന്നാണ് ലാലി കി ശാദി മേ ലാഡ്ഡൂ ദീവാന നിർമ്മിക്കുന്നത്. ഏപ്രിൽ ഏഴിന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ