അക്‌സര്‍ 2 നായിക സറീന്‍ ഖാന്‍ കട്ടക്കലിപ്പിലാണ്. സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അണിയറ പ്രവർത്തകർ ഇടപെട്ടില്ലെന്ന ആരോപണത്തിന് പിന്നാലെ സിനിമയില്‍ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സെറീന്‍. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് ബജാജ് രാജിനെതിരെ സറീന്‍ ആഞ്ഞടിച്ചിരിക്കുന്നത്.

‘ഹേറ്റ് സ്‌റ്റോറി 3 പോലൊരു ചിത്രമല്ല അക്‌സര്‍ എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ തന്നെ അവര്‍ എന്നോട് പറഞ്ഞത് . പക്ഷേ സിനിമ തുടങ്ങിയപ്പോള്‍ അവരുടെയൊക്കെ മട്ടുമാറി. എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി നടക്കണമെന്നായി അവരുടെ ഭാഷ്യം. ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്തിനാണ് അവര്‍ ഇത്തരത്തില്‍ മസാല ചേര്‍ക്കുന്നത്?’

ഞാന്‍ തുണിയുരിഞ്ഞാല്‍ ജനങ്ങള്‍ തിയേറ്ററില്‍ കയറുമെന്ന് എനിക്ക് തോന്നുന്നില്ല. അവരുടെ ചിന്താഗതി എനിക്ക് വ്യക്തമാകുന്നില്ല. സ്വന്തം സിനിമയില്‍ വിശ്വാസം ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വരുന്നതെന്നും സറീന്‍ പറഞ്ഞു.

അക്‌സര്‍ 2ന്റെ പ്രചരണത്തിന് വേണ്ടി ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സറീന്‍ ഖാന് നേരെ നേരത്തെ അതിക്രമം നടന്നത്. ആള്‍ക്കൂട്ടത്തില്‍ പെട്ട് പോയ നടിയെ രക്ഷിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ശ്രമിച്ചില്ലെന്നായിരുന്നു ആരോപണം.

പതിനഞ്ച് മിനിറ്റ് നേരത്തെ പരിപാടിയെ ഉള്ളൂ എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സറീന്‍ ഖാനോട് പറഞ്ഞത്. എന്നാല്‍ പ്രേക്ഷകരുമായുള്ള ഒത്ത് ചേരലിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ അത്താഴത്തിന് ഇരുന്നു. അത്താഴത്തില്‍ പങ്കെടാതെ മടങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം. നടിക്ക് അംഗരക്ഷകരേയും ഒരുക്കിയിരുന്നില്ല.

തിരികെ പോകാന്‍ ഒരുങ്ങിയ നടിയെ ആള്‍ക്കൂട്ടം വളഞ്ഞു. സെല്‍ഫിയുടേയും ഫോട്ടോ എടുക്കലിന്റേയും തിരിക്കായിരുന്നു. താരം എതിര്‍പ്പ് പ്രകടപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടെ ചിലര്‍ അതിക്രമത്തിന് മുതിര്‍ന്നതോടെ നടി ശരിക്കും ഭയന്നു. അത്രയും ബഹളം നടന്നിട്ടും അണിയറ പ്രവര്‍ത്തകരാരും നടിയുടെ രക്ഷക്കെത്തിയില്ല. ഒടുവില്‍ കഷ്ടിച്ചാണ് താരം ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെട്ടത്. രാത്രി വൈകിയെങ്കിലും ദില്ലിയില്‍ നിന്നും വിമാനത്തില്‍ സെറീന്‍ മുംബൈയ്ക്ക് തിരിച്ചു.

ചടങ്ങില്‍ താന്‍ വളരെ അസ്വസ്ഥനായിരുന്നു എന്ന് സെറീന്‍ പിന്നീട് വെളിപ്പെടുത്തി. തന്നോടുള്ള അണിയറ പ്രവര്‍ത്തകരുടെ പെരുമാറ്റത്തിലും വിഷമമുണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സെറീന്‍ ഖാന്‍ പറഞ്ഞു.

ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് അക്‌സര്‍ 2. ഗൗതം റോഡും അഭിനവ് ശുക്ലയുമാണ് സെറീന്‍ ഖാനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഇമ്രാന്‍ ഹാഷ്മി, ദിനോ മോറിയ, ഉദിത ഗോസ്വാമി എന്നിവരായിരുന്നു താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ