ഓൾഡ് ഈസ് ഗോൾഡ് എന്നാണ് പൊതുവെ പറയാറുള്ളത്, ഫോട്ടോഗ്രാഫുകളെ സംബന്ധിച്ച് പറയുകയാണെങ്കിൽ അതേറെ സത്യമാണ് താനും. ഓർമകളെ ഒരു നിമിഷത്തിലേക്ക് ആവാഹിക്കുകയാണ് ഓരോ ഫോട്ടോയും. വർഷങ്ങൾ പഴക്കമുള്ള ഓരോ ചിത്രങ്ങൾക്കും പറയാൻ ഒരുപാട് കഥകളുമുണ്ടാകും. ഒരു പഴയ സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് കൂട്ടുക്കെട്ടുകളിൽ ഒന്നായ മോഹൻലാലും ശ്രീനിവാസനുമാണ് ചിത്രത്തിൽ നിറയുന്നത്. 1990ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത ‘അക്കരെയക്കരെയക്കരെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രം. ഛായാഗ്രാഹകൻ എസ്.കുമാറിനെയും ചിത്രത്തിൽ കാണാം.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’ എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമായിരുന്നു ‘അക്കരെയക്കരെയക്കരെ’. ശ്രീനിവാസൻ രചന നിർവ്വഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ജി.പി. ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ്.
മ്യൂസിയത്തിൽ നിന്ന് മോഷണം പോയ ഒരു സ്വർണ്ണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അമേരിക്കയിലേക്ക് പോകുന്നതും അവിടെ വച്ചുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമായിരുന്നു ചിത്രം പറഞ്ഞത്. മുകേഷ്, മണിയൻപിള്ള രാജു, സോമൻ, പാർവ്വതി, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.