സിനിമയിൽ ഒന്നു മുഖം കാണിക്കുക എന്ന ആഗ്രഹത്തോടെ എത്രയോ വർഷങ്ങൾ ലൊക്കേഷനുകളിൽ കയറിയിറങ്ങി നടന്ന കഥ പറയാനുണ്ട് മലയാളത്തിന്റെ പ്രിയനടൻ ജോജുവിന്. പേരില്ലാത്ത ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ നിന്നും ഇന്ന് നായകസ്ഥാനത്തേക്ക് ഉയർന്നതിനു പിന്നിൽ ജോജുവിന്റെ വർഷങ്ങളുടെ കാത്തിരിപ്പും അധ്വാനവുമുണ്ട്.
ആൾക്കൂട്ടത്തിലും നായകന്റെ നിഴലായും വില്ലന്റെ കയ്യാളായുമൊക്കെ ജോജു എത്രയോ സിനിമകളിൽ സ്ക്രീനിൽ മിന്നിമറഞ്ഞുപോയിട്ടുണ്ട്. പതിയെ പതിയെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ജോജുവിനെ തേടിവരികയായിരുന്നു. പിന്നീട്, ജോസഫ്, ചോല, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജോജു നായകനിരയിലേക്ക് ഉയർന്നു.

ജോജുവിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “സ്വന്തമായി ഒരു സാൻട്രോ കാർ. സിനിമയിൽ ഡയലോഗ് ഉള്ള ഒരു വേഷം. ഇതായിരുന്നു ആഗ്രഹം. അതിന് വേണ്ടി അയാൾ 15 വർഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി പത്തോളം സിനിമകളുടെ നിർമാതാവ് ആക്കി. ഒന്നുമില്ലായ്മയിൽ നിന്നും ആഗ്രഹിച്ചത് നേടി എടുത്തവന്റെ നിശ്ചയ ദാർഢ്യത്തിന്റെ ശക്തിയാണ് ജോജു ജോർജ്. വാഹനങ്ങളെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു വണ്ടി പ്രാന്തന്റെ വീടിനു മുന്നിൽ ഇങ്ങനെ ഒരു കാഴ്ച്ച കണ്ടപ്പോൾ അതങ്ങു ഞാൻ കാമറയിൽ ആക്കി എന്ന് മാത്രം. സ്വപ്നം കാണുന്നവർക്ക് പ്രചോദനം ഇത്തരം ജീവിതങ്ങൾ ആണല്ലോ,” അഖിൽ കുറിച്ചു.
ജോജു നായകനായ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് അഖിൽ മാരാർ.